കോഴിക്കോട്: മാലിന്യമുക്തം നവകേരളം കർമപദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മറീന കൺവെൻഷൻ സെന്ററിൽ നടന്ന മേഖലതല അവലോകന യോഗം വിലയിരുത്തി. ജില്ലയിൽ അനധികൃത മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് 454 കേസുകളിലായി 56 ലക്ഷം രൂപ പിഴ ഈടാക്കി. പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ 582 മാലിന്യ കൂമ്പാരങ്ങളിൽ 575 എണ്ണം നീക്കം ചെയ്തു.
മാലിന്യ നിക്ഷേപം തടയുന്നതിന് പിഴ ഈടാക്കുന്നതിൽ സംസ്ഥാനത്തെതന്നെ മികച്ച ജില്ലയാണ് കോഴിക്കോട് എന്ന് വിലയിരുത്തി. ജില്ലയിൽ ആകെ 1106 മിനി എം.സി.എഫുകളാണ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) നിലവിലുള്ളത്. അതിൽ 125 എണ്ണം പുതിയതാണ്. 99 എം.സി.എഫും ജില്ലയിൽ പ്രവർത്തിക്കുന്നു. എട്ട് റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്) നിലവിൽ ജില്ലയിലുണ്ട്.
2896 ഹരിതകർമ സേനയും നിലവിലുണ്ട്. പദ്ധതിയുടെ ഭാഗമായി 6600ഓളം ഇടങ്ങളാണ് ജില്ലയിൽ ശുചീകരിച്ചത്. ഒന്നര ലക്ഷത്തോളം ആളുകൾ പങ്കാളികളായി. താമരശ്ശേരി ചുരത്തിലെ മാലിന്യനിക്ഷേപം തടയുന്നതിന് ആവശ്യമായ നടപടികൾ ഊർജിതമാക്കുമെന്ന് ജില്ല കലക്ടർ എ. ഗീത അറിയിച്ചു.
കോഴിക്കോട്: നിപ സ്ഥിരീകരിച്ച ജില്ലയിൽ രോഗികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. മേഖലതല അവലോകന യോഗത്തിന് ശേഷം ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
90 ശതമാനത്തിനടുത്ത് മരണനിരക്കുള്ള ഒരു രോഗത്തിന് മരണനിരക്ക് 33 ശതമാനം മാത്രമാക്കി ചുരുക്കാൻ കഴിഞ്ഞുവെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെന്റിലേറ്ററിൽ അതിഗുരുതരാവസ്ഥയിൽ കഴിഞ്ഞ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സന്തോഷം നൽകുന്നതാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ കൂട്ടായ പ്രവർത്തനത്തിന്റെ കൂടി വിജയമാണിത്.
സെപ്റ്റംബർ 12നാണ് കോഴിക്കോട് നിപ സ്ഥിരീകരിക്കുന്നത്. അവസാന നിപ പോസിറ്റിവ് കേസ് കണ്ടെത്തിയിട്ട് ഒക്ടോബർ അഞ്ചിന് 21 ദിവസം പൂർത്തിയായി. അടുത്ത ഒരു 21 ദിവസം കൂടി സുരക്ഷക്ക് വേണ്ടി ഡബിൾ ഇൻകുബേഷൻ പീരിയഡ് ആയി കണക്കാക്കി കൺട്രോൾ റൂം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 26ന് കൺട്രോൾ റൂം പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നിപയിൽ ജില്ലയിൽ കണ്ടത് ടീം വർക്കിന്റെ വിജയമാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഠിനാധ്വാനം ചെയ്ത എല്ലാവരെയും ഹൃദയത്തോട് ചേർത്തുപിടിച്ച് അഭിവാദ്യം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
കോഴിക്കോട്: സർക്കാറിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്ന വിമർശനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളുടെ ഭരണാവലോകന യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ഉയർത്തിയത്.
അവലോകന യോഗം നടക്കുമ്പോൾ ഹാളിൽ മാധ്യമ പ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. യോഗം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി എത്തിയ ഉടൻതന്നെ മാധ്യമ പ്രവർത്തകരെ ഹാളിൽനിന്ന് പുറത്താക്കിയിരുന്നു. ചീഫ് സെക്രട്ടറിയും നാല് ജില്ല കലക്ടര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരായ വിമർശനം.
സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങളിലെത്തുന്നില്ലെന്നും അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വൈകീട്ട് ചേര്‍ന്ന പൊലീസ് മേധാവികളുടെ യോഗത്തിലും ഉദ്യോഗസ്ഥരെ പഴിചാരുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നാണ് വിവരം.
സര്‍ക്കാറിന്റെ മുഖം വികൃതമാക്കുന്നതില്‍ പൊലീസിലെ ചിലര്‍ക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്നും ഏഴു വര്‍ഷമായിട്ടും ചിലരുടെ അജണ്ട മാറിയിട്ടില്ലെന്നും അത്തരക്കാരെ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. എ.ഐ കാമറ സ്ഥാപിച്ചിട്ടും റോഡ് അപകടം കുറഞ്ഞില്ലെന്ന റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയായി.
കനത്ത സുരക്ഷ വലയത്തിലായിരുന്നു യോഗം. ജില്ലയിൽ നിന്നുള്ള മന്ത്രി ശശീന്ദ്രന്റെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. പി.ആർ.ഡി ഫോട്ടോഗ്രാഫർമാരും ലേഖകരും മാത്രമാണ് പരിപാടി റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.