കോഴിക്കോട്: മഹാമാരിക്കാലത്ത് മനുഷ്യത്വ പ്രവർത്തനങ്ങൾക്ക് വരപ്രസാദമേകുകയാണ് കാരശ്ശേരി കളരിക്കണ്ടി സ്വദേശി സിഗ്നി ദേവരാജൻ. മുക്കം നീലേശ്വരം ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന ഇദ്ദേഹം സർവിസിൽനിന്ന് വിരമിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവർക്കുൾപ്പെടെ സൗജന്യമായി ചിത്രങ്ങൾ വരച്ചു നൽകി ശ്രദ്ധ നേടുന്നത്.
അന്തരിച്ച പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹീം ബുദുഷയുടെ നേതൃത്വത്തിൽ പ്രളയകാലത്ത് ഇദ്ദേഹമുൾപ്പെടെ 15 ചിത്രകാരന്മാർ ആലുവ റെയിൽവേ സ്റ്റേഷനിൽ ക്യാമ്പ് ചെയ്ത് തത്സമയം ചിത്രം വരച്ചു നൽകി ലഭിച്ച 60,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതാണ് പ്രചോദനമായത്. 1000 രൂപയിലധികം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നവർക്കാണിപ്പോൾ ചിത്രം വരച്ചു നൽകുന്നത്. ഇതിനോടകം 200 ലേറെ പേർക്കാണ് ചിത്രം വരച്ചു നൽകിയത്. അടുത്തിടെ മരിച്ച നാടക പ്രവർത്തകൻ എ. ശാന്തകുമാറിൻെറ കുടുംബത്തെ സഹായിക്കുന്നവർക്കും ചിത്രം വരച്ചു നൽകുന്നുണ്ട്.
1976-78 കാലത്ത് കോഴിക്കോട് യൂനിവേഴ്സൽ ആർട്സിൽനിന്ന് ചിത്രരചന പഠിച്ച ഇദ്ദേഹം ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് പേപ്പർ ഗ്ലാസുകളിൽ ഗാന്ധിജിയുടെ 150 ജീവിതമുഹൂർത്തങ്ങൾ പകർത്തിയതിന് യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിൻെറ അംഗീകാരം ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി എസ്.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങളിലും പൂർണ പബ്ലിക്കേഷൻെറ ബാലസാഹിത്യ പുസ്തകങ്ങളിലും ചിത്രങ്ങൾ വരക്കുന്നുണ്ട്. ഭാര്യ മണിയും മക്കളായ അൻവിനോ സിഗ്നിയും അസ്വിനോ സിഗ്നിയും ദേവരാജന് പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.