കോഴിക്കോട്: നിർമാണം പൂർത്തിയായിട്ടും പൂർണതോതിൽ തുറന്നുകൊടുക്കാനാവാതെ കോർപറേഷന്റെ എരവത്ത് കുന്ന് വി.കെ. കൃഷ്ണമേനോൻ സ്മൃതിവനവും ഹൈമവതി തായാട്ട് സ്ക്വയറും. രാവിലെ പ്രഭാത നടത്തക്കാർക്കും ഉദ്യാന പരിചരണത്തിനുമൊക്കെയായി ഒരുമണിക്കൂർ മാത്രമാണിപ്പോൾ പാർക്ക് തുറക്കുന്നത്.
ഈ സാഹചര്യത്തിൽ പാർക്ക് നടത്തിപ്പ് താൽക്കാലികമായി എരവത്ത് കുന്ന് സ്മൃതിവനം സൊസൈറ്റിയെ ഏൽപിക്കാൻ കോർപറേഷൻ തീരുമാനിച്ചു. ഇതോടൊപ്പം പാർക്കിന്റെ നടത്തിപ്പ്, സംരക്ഷണം എന്നിവ ഏറ്റെടുക്കാൻ തയാറായവരിൽനിന്ന് കോർപറേഷൻ താൽപര്യപത്രവും ക്ഷണിച്ചിട്ടുണ്ട്.
ആളെ കണ്ടെത്തി നടപടികൾ പൂർത്തിയാക്കുന്നതുവരെ താൽക്കാലികമായാണ് ഇപ്പോൾ സൊസൈറ്റിക്ക് ചുമതല നൽകാൻ തീരുമാനിച്ചത്. ഇതോടെ പാർക്ക് കൂടുതൽ പേർക്ക് ഉപയോഗിക്കാനാവുന്ന സ്ഥിതി വരുമെന്നാണ് പ്രതീക്ഷ. പാർക്കിൽ സാമൂഹിക വിരുദ്ധരുടെ ശല്യത്തിനും നടത്തിപ്പുകാർ വന്നാൽ ശമനമുണ്ടാവുമെന്നാണ് പരിസരവാസികൾ ആശിക്കുന്നത്.
സരോവരം ബയോപാർക്ക്, മാനാഞ്ചിറ സ്ക്വയർ എന്നിവ പോലെ നഗരത്തിൽ ഏറെ സന്ദർശകരെത്തേണ്ട സ്ഥലമാണ് ശ്രദ്ധനേടാതെ പോവുന്നത്. പാർക്കിന് താഴ്വാരത്തുള്ള മാംഗോ പാർക്കിനെയാണ് ഇപ്പോൾ സന്ദർശകർ ഏറെ ആശ്രയിക്കുന്നത്. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗമായ എരവത്ത് കുന്നിൽനിന്നുള്ള നഗരദൃശ്യവും കടലിന്റെ കാഴ്ചയുമെല്ലാം മനോഹരമാണ്.
ഇവിടെ വി.കെ. കൃഷ്ണമേനോൻ സ്മൃതിവനത്തിൽ കൂടുതൽ സംവിധാനങ്ങളൊരുക്കിയിരുന്നു. 10 ലക്ഷം രൂപ ചെലവിൽ പുതിയ നടപ്പാതയും ഓപൺ ജിം സൗകര്യവും ഒരുക്കി. സ്മൃതിവനത്തിൽ അമൃത് പദ്ധതിയിൽ നടപ്പാക്കിയ 1.35 കോടി രൂപയുടെ സൗന്ദര്യവത്കരണത്തിന് പുറമെയാണിത്. സ്മൃതിവനവും അതോടനുബന്ധിച്ചുള്ള സംവിധാനങ്ങളും നോക്കിനടത്താൻ കോവിഡ് കഴിഞ്ഞയുടൻ തന്നെ കോർപറേഷൻ താൽപര്യ പത്രം ക്ഷണിച്ചിരുന്നുവെങ്കിലും കാര്യമായി മുന്നോട്ടുപോയിരുന്നില്ല.
കോഴിക്കോട്ട് കുന്നിൻ മുകളിലുള്ള അപൂർവ വിനോദകേന്ദ്രമാണ് സ്മൃതിവനവും പാർക്കും. നഗരത്തിന്റെ ആകാശക്കാഴ്ച മുഴുവൻ കുന്നിൻ മുകളിൽനിന്ന് കിട്ടും. വർഷങ്ങൾക്കുമുമ്പ് നഗരത്തിലെ ഏറ്റവും ഉയരത്തിലുള്ള കുന്നിൽനിന്ന് ബീച്ചിലേക്ക് റോപ് വേ സംവിധാനമടക്കം നഗരസഭ ആലോചിച്ചിരുന്നു.
ഇക്കാര്യം കോർപറേഷൻ ബജറ്റിൽ പോലും വെച്ചിരുന്നുവെങ്കിലും നടന്നില്ല. എരവത്ത് കുന്നിലെ സ്മൃതി വനത്തിൽ നഗരസഭ വി.കെ. കൃഷ്ണമേനോൻ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വിജനമായ കുന്നിലും പാർക്കിലും സാമൂഹികവിരുദ്ധരുടെ ശല്യം ഇപ്പോഴും കൂടുതലാണ്.
മൂന്നേക്കറോളം വിസ്തൃതിയിലാണ് നഗരത്തിലെ സ്മൃതിവനം. മുമ്പ് സ്മൃതി വനം പരിസരത്ത് താമസിക്കുന്നവർക്ക് റോഡ് സൗകര്യമില്ലായിരുന്നു. എന്നാൽ, ഇപ്പോൾ നഗരസഭ ചുറ്റും റോഡുകൾ നിർമിച്ചു. സൈറ്റ് സീയിങ് ടവർ, വാച്ച്മാൻ കാബിൻ, ഓപൺ എയർ സ്റ്റേജ്, സൈറ്റ് സീയിങ് ടവറിനകത്ത് ടെലിസ്കോപ്, വൈദ്യുതിവത്കരണം തുടങ്ങിയവയെല്ലാം പുതിയ പാർക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.