കോഴിക്കോട്: ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലായി നടന്ന സാന്ത്വന സ്പര്‍ശം അദാലത്ത് സമാപിച്ചു. ഇതിൽ പരിഗണിച്ചത് 9,164 അപേക്ഷകള്‍. കൊയിലാണ്ടി, വടകര, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ നിന്നായാണ് ഇത്രയും അപേക്ഷകൾ പരിഗണിച്ചത്.
തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്, ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്, ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ എന്നിവരാണ് പരാതികള്‍ കേട്ടത്. ഏറിയ പങ്ക് അപേക്ഷകള്‍ക്കും അദാലത്ത് കേന്ദ്രങ്ങളില്‍തന്നെ പരിഹാരമായതായി മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു. പരിഗണിച്ചവയിലേറെയും പുതിയ പരാതികളാണ്.
വീട്, പട്ടയം, റേഷന്‍ കാര്‍ഡ്, ബാങ്ക് വായ്പ തിരിച്ചടവ്, ക്ഷേമപെന്ഷന്, ചികിത്സസഹായം തുടങ്ങിയ ആവശ്യങ്ങളാണ് അപേക്ഷകളായെത്തിയത്. വിശദ പരിശോധനകള്‍ വേണ്ട പരാതികളില്‍ കാലതാമസം കൂടാതെ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വ്യാഴാഴ്ച കോഴിക്കോട് ടാഗോര്‍ സെൻറിനറിഹാളില് നടന്ന കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലുള്ളവര്‍ക്കായി നടന്ന അദാലത്തില്‍ 4,387 അപേക്ഷകള്‍ പരിഗണിച്ചു. കോഴിക്കോട് താലൂക്കില്‍ 3,308 പേരും താമരശ്ശേരി താലൂക്കില്‍നിന്ന് 741 പേരുമാണ് അപേക്ഷകളുമായെത്തിയത്. കൊയിലാണ്ടിയില്‍ 1,352ഉം വടകരയില്‍ 3425ഉം അപേക്ഷകള്‍ പരിഗണിച്ചു.
മൂന്നു ദിവസങ്ങളിലായി നടന്ന അദാലത്തില്‍ എം.എല്‍.എമാരായ കെ.ദാസന്, ഇ.കെ.വിജയന്, പുരുഷന് കടലുണ്ടി, വി.കെ.സി. മമ്മദ്കോയ, കാരാട്ട് റസാക്ക്, പി.ടി.എ.റഹിം, മേയര്‍ ഡോ. ബീന ഫിലിപ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തില്‍ ജമീല, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ്കുമാര്‍ ജ്യോതി, കലക്ടര്‍ സാംബശിവറാവു, ഡി.ഡി.സി. അനുപം മിശ്ര, അദാലത്ത് നോഡല്‍ ഓഫിസറായ അസി. കലക്ടര്‍ ശ്രീധന്യ സുരേഷ്, എ.ഡി.എം എന്‍. പ്രേമചന്ദ്രന്, െഡപ്യൂട്ടി കലക്ടര്‍മാരായ ഇ. അനിതകുമാരി, എന്‍. റംല, തഹസില്‍ദാര്‍മാരായ കെ.കെ. പ്രസില്‍, സി.പി. മണി, കെ.ഗോകുല്‍ദാസ്, സി. സുബൈര്‍ തുടങ്ങിയവരും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.