പന്തീരാങ്കാവ്: ജൂലൈ 19ന് പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായി ഞായറാഴ്ച കോയമ്പത്തൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ പൊക്കുന്ന് മേലെ പെരിങ്ങാട്ട് വിനോദിൻെറ ഭാര്യ ബിന്ദുവിൻെറ (45) മൃതദേഹം കോയമ്പത്തൂരിൽ സംസ്കരിച്ചു. ബിന്ദുവിൻെറ കൂടെ മുറിയിലുണ്ടായിരുന്ന കാക്കൂർ സ്വദേശി മുസ്തഫ കൈ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂലൈ 19ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ ബിന്ദുവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നേരത്തേ താൽക്കാലികമായി ജോലി ചെയ്തിരുന്ന സിറ്റി കോഓപറേറ്റിവ് ബാങ്ക് ചാലപ്പുറം ശാഖയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫയെയും കാണാതായ വിവരം ലഭിച്ചത്. ഇരുവരുടെയും ഫോണുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂർ ഗാന്ധിപുരത്ത് ലോഡ്ജിൽ ബിന്ദുവിനെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന മുസ്തഫയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയത്. മുസ്തഫയുടെ മൊഴിപ്രകാരം, ആറിന് രാവിലെയാണ് ബിന്ദു ജനലിൽ ഷാൾ കെട്ടി തൂങ്ങിമരിച്ചത്. രാവിലെ ബിന്ദുവിനെ മരിച്ചനിലയിൽ കണ്ടതോടെ മൃതദേഹം അഴിച്ച് താഴെ കിടത്തിയ മുസ്തഫ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് റൂം ബോയ് എട്ടിന് രാവിലെ മുസ്തഫയെ വിളിച്ചപ്പോൾ അവരോട് റൂമിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഇയാൾ വീണ്ടും കൈ ഞരമ്പ് മുറിച്ചതോടെ അബോധാവസ്ഥയിലായി. പൊലീസെത്തി ആശുപത്രിയിലെത്തിച്ച മുസ്തഫ കോയമ്പത്തൂരിൽ ചികിത്സയിലാണ്. ഇരുവരും ബാങ്കിൽ താൽക്കാലിക ജീവനക്കാരായ സമയത്തെ പരിചയമാണ് ഒളിച്ചോട്ടത്തിലെത്തിയത്. മുസ്തഫ വിവാഹിതനാണ്. ബിന്ദുവിന് ഏഴു വയസ്സായ മകനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.