കോഴിക്കോട്: ജില്ല ടിബി കേന്ദ്രത്തില്‍ കൂടുതൽ സജ്ജീകരണങ്ങൾ ഒരുങ്ങി. സംസ്ഥാന പ്ലാന്‍ഫണ്ടില്‍നിന്ന് 85.75 ലക്ഷം രൂപ ചെലവിൽ നിര്‍മാണം പൂര്‍ത്തിയായ അനുബന്ധ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് 24ന് രാവിലെ 10ന് ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും.
രണ്ട് നിലകളിലുള്ള ജില്ല ടിബി സെന്റര്‍ അനുബന്ധ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മെഡിക്കല്‍ ലബോറട്ടറിയും ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളുമാണ് സജ്ജീകരിച്ചത്. ജില്ലക്ക് കേന്ദ്ര ടിബി ഡിവിഷന് പ്രത്യേക താൽപര്യമെടുത്ത് നൽകിയ 16 സാമ്പിളുകള്‍ ഒരേസമയം പരിശോധിക്കാന്‍ സാധ്യമായ കേരളത്തിലെതന്നെ രണ്ടാമത്തെ സിബിനാറ്റ് യന്ത്രവും നാല് സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയുന്ന മറ്റൊരു സിബിനാറ്റ് മെഷീനും അതോടൊപ്പം നാഷനല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന് പദ്ധതിയുടെ ഭാഗമായുള്ള മറ്റ് പരിശോധനകള്‍ നടത്താനുള്ള യന്ത്രങ്ങളുമാണ് താഴെനിലയിൽ മെഡിക്കല്‍ ലാബോറട്ടറിയില്‍ ഒരുക്കിയത്.
ജില്ലയിലെ മെഡിക്കല്‍ വിദ്യാർഥികള്‍ക്കും പാരാ മെഡിക്കല്‍ വിദ്യാർഥികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എന്‍.ടി.ഇ.പിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ നടത്താനും മറ്റ് അവലോകന യോഗങ്ങൾക്കുമാണ് ഒന്നാം നിലയിലെ ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാൾ സംവിധാനിച്ചത്. ഗെയില്‍ ഇന്ത്യാ ലിമിറ്റഡിന്റെ സി.എസ്.ആര് ഫണ്ടിൽ കേന്ദ്രത്തിന് അനുവദിച്ച മൊബൈല്‍ എക്സ് റേ യൂനിറ്റിന്റെ ഉദ്ഘാടനവും ജനമൈത്രി പൊലീസിന്റെ സഹായത്തോടെ ജില്ല ടിബി കേന്ദ്രത്തിന് അനുവദിച്ച രണ്ട് ഓക്സിജന്‍ കോണ്സൻട്രേറ്ററിന്റെ ഉദ്ഘാടനവും തിങ്കളാഴ്ചത്തെ പരിപാടിയില്‍ നടത്തും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും.
രണ്ട് കൊല്ലത്തിനിടെ സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ എറ്റവും കൂടുതല്‍ ടിബി കണ്ടെത്തിയത് ജില്ലയിലാണെന്ന് ജില്ല ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. പി.പി. പ്രമോദ് കുമാർ അറിയിച്ചു. സർക്കാർ പരിശോധനയിൽ കൂടുതൽ കണ്ടെത്തിയത് തിരുവനന്തപുരം, എറണാകുളം ജില്ലയിലും. ബീച്ച് ആശുപത്രിയടക്കം സർക്കാർ ആശുപത്രികൾ പലതും കോവിഡ് ചികിത്സക്ക് പ്രാമുഖ്യം നൽകിയതിനാലാണ് കോഴിക്കോട്ട് സ്വകാര്യ സ്ഥാപനങ്ങളിൽ കൂടുതൽ ആളെത്തിയത്.
• ജില്ല ടിബി ഓഫിസര്‍ കൂടാതെ രണ്ട് പള്‍മണോളജിസ്റ്റുകളുടെ സേവനം
• ദിവസേന ടിബി ഉള്‍പ്പെടെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ഒ.പി
• ഡിജിറ്റല്‍ എക്സ് റേ സംവിധാനം • ഇ.സി.ജി സംവിധാനം
• ടിബി ഉള്‍പ്പെടെ ലാബ് പരിശോധന
• സിബി നാറ്റ് പരിശോധന
• എല്ലാ വെള്ളിയാഴ്ചയും പ്രത്യേക കോവിഡ് വാക്സിനേഷന് ക്യാമ്പ്
• ആഴ്ചയില്‍ ഒരിക്കല്‍ ടുബാക്കോ സെസേഷന്‍ ക്ലിനിക്ക്
• ആഴ്ചയില്‍ രണ്ട് ദിവസം പോസ്റ്റ് കോവിഡ് ക്ലിനിക്ക്
• ആഴ്ചയില്‍ ഒരു ദിവസം കോവിഡ് ആര്.ടി.പി.സി.ആര് പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.