കോഴിക്കോട്: അരങ്ങിൽ പ്രതിഭകളുടെ മാറ്റുരക്കൽ, സദസ്സിൽ കാഴ്ചക്കാരുടെ കലപില, കലോത്സവ വണ്ടികളുടെ കുതിച്ചുപായൽ, വിനോദകേന്ദ്രങ്ങളിലും ഹൽവക്കടകളിലും വരെ തിരക്ക്... ഇതൊക്കെയായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ കോഴിക്കോട്. അഞ്ചുനാൾ നീണ്ട കലോത്സവത്തിന് ശനിയാഴ്ച കൊടിയിറങ്ങിയതോടെ അവധി ദിനം കൂടിയായ ഞായർ പൂർണമായും ആലസ്യത്തിലാണ്ടതായിരുന്നു.
മുൻ ദിവസങ്ങളിൽ രാവിലെ മുതൽ തിക്കുംതിരക്കുമുണ്ടായിരുന്ന നഗരവീഥികളും ഇടവഴികളുമെല്ലാം പൊതുവെ വിജനം. എവിടെയും ആളും തിരക്കുമില്ല. കലോത്സവത്തിന്റെ ‘പൂരനഗരി’കളും ഒഴിഞ്ഞു. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലെ മുഖ്യവേദിയടക്കം രാവിലെ മുതൽ പൊളിച്ചു തുടങ്ങി. കസേരകളും മറ്റുമെല്ലാം പൂർണമായും നീക്കി. ശുചീകരണമടക്കം പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ഇത് പട്ടാളത്തിന് തിരിച്ചേൽപിക്കും.
വിവിധ വിദ്യാലയങ്ങളിലായുള്ള മറ്റ് 23 വേദികളും അഴിച്ചുമാറ്റി. കലോത്സവ വണ്ടികളായി അണിഞ്ഞൊരുങ്ങിയ വാഹനങ്ങൾ പൂർവ സ്ഥിതിയിലേക്ക് മാറി. കലോത്സവത്തിന്റെ കുറ്റമറ്റ നടത്തിപ്പിനായി രൂപവത്കരിച്ച 21 കമ്മിറ്റികളുടെയും ഭാരവാഹികളും അംഗങ്ങളും എല്ലാതിരക്കുകളിൽ നിന്നും മുക്തമായതിന്റെ ആശ്വാസത്തിലുമായിരുന്നു.
കലോത്സവത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിൽ സ്ഥാപിച്ച അലങ്കാരങ്ങളടക്കമുള്ളവയും അഴിച്ചുമാറ്റി. ഭക്ഷണം വിളമ്പിയ മലബാർ ക്രിസ്ത്യൻ കോളജിലെ ഊട്ടുപുരകളും പൊളിച്ചുമാറ്റി. ശുചീകരണ പ്രവർത്തനവും നടക്കുന്നുണ്ട്. ആറുദിവസങ്ങളിലായി രണ്ടുലക്ഷത്തോളം പേരാണ് ഇവിടെനിന്ന് ഭക്ഷണം കഴിച്ചത്. കലോത്സവത്തിൽ കോഴിക്കോടൻ ഹൽവക്ക് വലിയ പ്രചാരം ലഭിച്ചതോടെ ഇതര ജില്ലകളിൽ നിന്നുള്ളവരിലേറെപേരും കോഴിക്കോടൻ ഹൽവ വാങ്ങിയാണ് മടങ്ങിയത്.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തേക്കടക്കം മടങ്ങി. അടുക്കും ചിട്ടയോടെയും വലിയ പരാതികളില്ലാതെ സമയബന്ധിതമായി വൻ ജനപങ്കാളിത്തത്തോടെ മത്സരങ്ങൾ പൂർത്തിയാക്കിയതിന്റെ മഹിമയുമായാണ് ഇത്തവണ കലോത്സവത്തിന് തിരശ്ശീല വീണത്.
അതിനാൽ തന്നെ കോഴിക്കോടിന് 61ാം സ്കൂൾ കലോത്സവം എക്കാലവും മധുരമുള്ള ഓർമയാവും സമ്മാനിക്കുക. കൂടുതൽ തവണ കലോത്സവകപ്പ് നേടിയ കോഴിക്കോട് സ്വന്തം തട്ടകത്തിലെ മത്സരത്തിലും കലാകിരീടം ചൂടിയത് ഇരട്ടിമധുരവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.