പ്രതി ബസിൽ നിന്ന്​ ബാഗെടുത്ത്​ പുറത്തേക്കുപോകുന്ന സി.സി ടി.വി ദൃശ്യം

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കവർച്ചക്കാരുടെ താവളം; കണ്ടക്ടർമാരടക്കം ഇരകൾ

കോഴിക്കോട്: മാവൂർ റോഡ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിൽ മോഷണം പതിവാകുന്നു. ദിവസേനയെന്നോണമാണ് കവർച്ചയും പിടിച്ചുപറിയും നടക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 15ലേറെ കണ്ടക്ടർമാരുടെ ബാഗുകളാണ് ബസിൽനിന്ന് മോഷണം പോയത്. നിരവധി യാത്രക്കാരും കൊള്ളക്കിരയായി. പണമടങ്ങിയ പഴ്സിനൊപ്പം സ്വർണാഭരണങ്ങൾവരെയാണ് കവരുന്നത്.

സ്റ്റാൻഡിൽ മുഴുവൻ സമയവും പൊലീസ് സാന്നിധ്യമുണ്ടെങ്കിലും രാത്രി സമയങ്ങളിൽ ബസുകളിലേക്ക് കയറാൻ തിരക്കുള്ളപ്പോഴാണ് കവർച്ച ഏറെയും നടക്കുന്നത്. പലപ്പോഴും ഇതര ജില്ലകളിലുള്ളവരാണ് മോഷ്ടാക്കളുടെ ഇരകളാകുന്നത്. നേരേത്ത നാടോടികൾ ഇവിടം താവളമാക്കിയിരുന്നുവെങ്കിലും ഇപ്പോഴിതിന് കുറവുണ്ട്.

മാന്യവസ്ത്രം ധരിച്ചെത്തുന്നവരാണ് മിക്കപ്പോഴും കവർച്ച നടത്തുന്നത് എന്നാണ് മനസ്സിലായതെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞു. നേരേത്ത ഇവിടെനിന്ന് യാത്രക്കാര‍െൻറ മൊബൈൽഫോൺ തട്ടിപ്പറിച്ച കണ്ണാടിക്കൽ സ്വദേശിയെ അടക്കം നടക്കാവ് പൊലീസ് അറസ്റ്റുചെയ്തിരുന്നുവെങ്കിലും കവർച്ചകൾക്ക് ഇപ്പോഴും കുറവില്ല.

നിർത്തിയിട്ട ബസിൽനിന്ന് ചൊവ്വാഴ്ച വനിത കണ്ടക്ടറുടെ ടിക്കറ്റ് മെഷീനും കാഷ് ബാഗും മോഷണം പോയി. തൃശൂരില്‍ നിന്നും കോഴിക്കോട് സ്റ്റാൻഡില്‍ എത്തി കണ്ടക്ടർ സമയം രേഖപ്പെടുത്താന്‍ ഓഫിസിലേക്ക് പോയപ്പോഴായിരുന്നു മോഷണം. പിറകുവശെത്ത വാതിലിനടുത്ത സീറ്റില്‍ വെച്ചതായിരുന്നു ബാഗ്. സമാന സംഭവങ്ങളാണ് നേരത്തേയും പലതവണ ഉണ്ടായത്.

ബസ് സ്റ്റാൻഡിൽ സി.സി ടി.വി കാമറകളുണ്ടെങ്കിലും പലതും പ്രവർത്തന രഹിതമാണ്. ഇതാണ് മോഷ്ടാക്കൾ അവസരമാക്കുന്നത്. കേടായ കാമറകൾ നന്നാക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളേറെയായെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. മാത്രമല്ല കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

അതേസമയം കണ്ടക്ടർമാരുടെ കാഷ് ബാഗ് വെക്കാന്‍ പ്രത്യേക സൗകര്യം ബസ് സ്റ്റാൻഡിലില്ലാത്തതാണ് ബസുകളില്‍തന്നെ കാഷ് ബാഗും മറ്റു വസ്തുക്കളുമല്ലാം വെക്കാനിടയാക്കുന്നതെന്ന ആക്ഷേപവും ഇതിനകം ഉയർന്നിട്ടുണ്ട്. കണ്ടക്ടര്‍മാരുടെ ബാഗുകളും മറ്റു രേഖകളുമെല്ലാം പൂട്ടി സൂക്ഷിക്കാന്‍ സൗകര്യമൊരുക്കണമെന്ന് എം.ഡിയുടെ ഉത്തരവുണ്ടെങ്കിലും നടപ്പായിട്ടില്ല.

കണ്ടക്ടറുടെ ടിക്കറ്റ് മെഷീനും ബാഗും കവർന്നയാൾ അറസ്റ്റിൽ

അൻസാർ

കോഴിക്കോട്: സ്റ്റാൻഡിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിൽനിന്ന് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനും കാഷ് ബാഗും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. അടിവാരം സ്വദേശി പിലാക്കൽ അൻസാറിനെയാണ് (34) നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. തൃശൂരില്‍നിന്ന് കോഴിക്കോട് സ്റ്റാൻഡില്‍ എത്തിയ ബസിലെ കണ്ടക്ടറുടെ ബാഗാണ് ചൊവ്വാഴ്ച ഇയാൾ കവർന്നത്. കവർച്ചയുടെ സി.സി ടി.വി കാമറ ദൃശ്യം കെ.എസ്.ആർ.ടി.സി ജീവനക്കാരടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പിന്നാലെ തിങ്കളാഴ്ച പകൽ വീണ്ടും ഇയാൾ കെ.എസ്.ആർ.ടി.സി ടെർമിനലിലെത്തിയപ്പോൾ ഗാർഡ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 

Tags:    
News Summary - theft increasing at KSRTC bus stand Victims including conductors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.