വടകര: ദേശീയപാതയിൽ അരവിന്ദ് ഘോഷ് ജങ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. കാൽനട യാത്രക്കാരും ചെറുവാഹനങ്ങളും ദേശീയ പാതയിലേക്ക് കടക്കുന്ന ഭാഗം പൊലീസ് അടച്ചു. ദേശീയപാതയുടെ നിർമാണ പ്രവൃത്തി തുടങ്ങിയതോടെ ഇവിടെ അപകടങ്ങൾ നിത്യസംഭവമായി മാറിയിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളുണ്ടായി. ഒടുവിൽ അപകടത്തിൽ ഒരാൾ മരിച്ചതോടെയാണ് ഈ ഭാഗം അടച്ചത്. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ശനിയാഴ്ച പുതുപ്പണം സ്വദേശി അസൈനാറിനെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പൊലീസ് ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ ഇയാളുടെ ദേഹത്ത് ബസ് കയറി തൽക്ഷണം മരിച്ചു. അരവിന്ദ ഘോഷ് റോഡ് വഴി വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കുന്നതും കാൽനട യാത്രക്കാർ ദേശീയ പാത മുറിച്ചുകടക്കുന്നതുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഇങ്ങനെ റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ ദേശീയ പാതയുടെ സർവിസ് റോഡ് പണിയാണ് ഇനി പൂർത്തിയാവാനുള്ളത്.
ദേശീയപാതയുടെ നിർമാണ പ്രവൃത്തി ഏതാണ്ട് പൂർത്തിയായതോടെ ഇരു ഭാഗത്തേക്കും വാഹനഗതാഗതം തുറന്നുവിട്ടിട്ടുണ്ട്. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് കാൽനട യാത്രക്കാർ ദേശീയപാത മുറിച്ചുകടക്കുന്നത്. അരവിന്ദ ഘോഷ് റോഡിൽ നിന്ന് മറുപുറത്തെത്താൻ ഫുട് ഓവർ ബ്രിഡ്ജ് വേണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ മുഖവിലക്കെടുത്തില്ല. ദേശീയപാത നിർമാണം പൂർത്തിയായാൽ അരവിന്ദ് ഘോഷ് റോഡ് ഉൾപ്പെടെ പുതുപ്പണം പ്രദേശത്തുകാർക്ക് അടുത്ത നഗരമായ വടകരയിലെത്താൻ കിലോ മീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. വാഹനങ്ങൾക്ക് സർവിസ് റോഡിൽ പ്രവേശിച്ച് മൂരാട് പാലം കടന്ന് ഓയിൽ മില്ലിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്കുള്ള അണ്ടർപാസ് കടന്ന് തിരിച്ച് വടകര ഭാഗത്തേക്കു തന്നെ പോവണം. ശനിയാഴ്ച അരവിന്ദ് ഘോഷ് റോഡിൽ നിന്നും ദേശീയ പാതയിലേക്കുള്ള വഴി അധികൃതർ കോൺക്രീറ്റ് സ്ലാബിട്ട് അടച്ചു.
ബസ് ഇറങ്ങിവരുന്നവർക്ക് ഇതോടെ ദുരിതമായി. ഹ്രസ്വ ദൂര ബസുകൾ പഴയ ചീനം വീട് യു.പി സ്കൂൾ ഭാഗത്തു നിന്നും സർവിസ് റോഡിലൂടെ മൂരാട് ഭാഗത്തേക്ക് തിരിച്ചുവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.