കോഴിക്കോട്: ഓണം അടുത്തിട്ടും പമ്പുകളിൽ എൽ.പി.ജി കിട്ടാനില്ലാത്തത് എൽ.പി.ജി ഓട്ടോക്കാരെ പ്രതിസന്ധിയിലാക്കുന്നു. നഗരത്തിലെ ഓട്ടോക്കാരുടെ ഏക ആശ്രയമായിരുന്ന സരോവരത്തെ പമ്പിൽ എൽ.പി.ജി സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. രണ്ടാഴ്ചയോളമായി എൽ.പി.ജി വിതരണം മുടങ്ങിയ പമ്പിൽ തിങ്കളാഴ്ച എൽ.പി.ജി എത്തിയെങ്കിലും പെട്ടെന്ന് തീർന്നു. ഇനി എന്ന് ഇന്ധനം വരുമെന്നത് സംബന്ധിച്ച് പമ്പ് അധികൃതരും വ്യക്തമായ ഉത്തരം നൽകുന്നില്ലെന്ന് ഓട്ടോതൊഴിലാളി സജീവ്കുമാർ പറഞ്ഞു.
തരക്കേടില്ലാത്തവിധം ഓട്ടം കിട്ടുന്ന ഓണക്കാലത്ത് ഇന്ധനം മുടങ്ങുന്നത് ജീവനക്കാരെ പട്ടിണിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലാകെ 2500ലേറെ എൽ.പി.ജി ഓട്ടോകളാണുള്ളത്. ഇതിൽ രണ്ടായിരവും നഗരത്തിലാണ് സർവിസ് നടത്തുന്നത്. സരോവരത്തെ പമ്പാണ് ഇവരുടെ ഏക ആശ്രയം. ഇവിടെ ഇന്ധനം തീർന്നാൽ കുണ്ടായിത്തോട് പോയി അടിക്കണം. നഗരത്തിൽ ഇന്ധനം ലഭിക്കാനില്ലാത്തതിനാൽ കുണ്ടായിത്തോട് പമ്പിലും തിരക്ക് വർധിക്കും. ഈ രണ്ടിടങ്ങളിലും എൽ.പി.ജി ലഭിക്കാതായാൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ പോയി ഇന്ധനം നിറക്കേണ്ട സ്ഥിതിയിലാണ് നഗരത്തിലെ ഓട്ടോഡ്രൈവർമാർ.
ഇത് സമയനഷ്ടത്തിനും സാമ്പത്തികനഷ്ടത്തിനും ഇടയാക്കും. ജില്ലയിൽ മുക്കം, പയ്യോളി എന്നിവിടങ്ങളിലാണ് മറ്റു രണ്ടു പമ്പുകൾ. പുതിയങ്ങാടിയിൽ നേരത്തേ എൽ.പി.ജി പമ്പ് ഉണ്ടായിരുന്നെങ്കിലും പൂട്ടിപ്പോയി. ഒരു ലിറ്റർ എൽ.പി.ജിക്ക് 57 രൂപയാണ് വില. 23 കിലോമീറ്റർ വരെയാണ് പരമാവധി മൈലേജ്. നഗരത്തിലെ തിരക്കിൽ ഇത് പെട്ടെന്ന് തീർന്നുപോവുമെന്നും ഓട്ടോതൊഴിലാളികൾ പറയുന്നു. കൂടുതൽ പമ്പുകൾ തുടങ്ങുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രയോജനമില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.