കോഴിക്കോട്: തെരുവുനായ്ക്കളുടെ ശല്യം വർധിക്കുമ്പോഴും ജില്ലയിൽ ആരംഭിക്കാനായത് രണ്ട് ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) ആശുപത്രികൾ മാത്രം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വന്ധ്യംകരണ കേന്ദ്രം വേണമെന്ന നിർദേശം നിലനിൽക്കുമ്പോഴാണിത്. കോഴിക്കോട് കോർപറേഷനും ജില്ല പഞ്ചായത്തുമാണ് ജില്ലയിൽ ആശുപത്രികൾ തുടങ്ങിയത്. ജില്ല പഞ്ചായത്ത് പേരാമ്പ്രയിൽ തുടങ്ങിയ ആശുപത്രി തുടങ്ങിയയുടൻ പൂട്ടിയതോടെ ജില്ലയിൽ ആകെയുള്ളത് കോഴിക്കോട് പൂളക്കടവ് കേന്ദ്രം മാത്രം. ഇവിടെ കോർപറേഷൻ പരിധിയിലുള്ള നായ്ക്കൾക്ക് മാത്രമാണിപ്പോൾ ശസ്ത്രക്രിയ.
വന്ധ്യംകരിച്ചത് 9700 നായ്ക്കളെ
നഗരപരിധിയിൽ ഇതുവരെ 9700ഓളം നായ്ക്കളെ വന്ധ്യംകരിച്ചതായാണ് കണക്ക്. പൂളക്കടവിൽ 2019ലാണ് കോഴിക്കോട് കോർപറേഷൻ എ.ബി.സി ആശുപത്രി ആരംഭിച്ചത്. ആശുപത്രിയുടെ വികസനത്തിനായി കോർപറേഷൻ പദ്ധതി തയാറാക്കിവരുന്നു. 2019 മാർച്ച് ഒന്നിനാണ് എ.ബി.സി പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. മാർച്ച് 19 മുതലാണ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കിത്തുടങ്ങിയത്. കോർപറേഷൻ അധികൃതർ പിടികൂടുന്ന തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് അതത് സ്ഥലത്തുതന്നെ കൊണ്ടുവിടുന്നതാണ് പദ്ധതി. നാലു കൊല്ലം മുമ്പുള്ള സർവേപ്രകാരം നഗരപരിധിയിൽ 15,000ത്തിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കാക്കിയത്. 75 വാർഡുകളിലും കൂടുതൽ നായ്ക്കളുള്ള പ്രദേശത്തിന്റെ പട്ടികയും തയാറാക്കിയിരുന്നു. പരിശീലനം ലഭിച്ചവരുടെ സഹായത്തോടെ തെരുവുനായ്ക്കളെ പിടികൂടി ആശുപത്രിയിൽ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി മുറിവ് ഉണങ്ങിയ ശേഷം പ്രതിരോധ കുത്തിവെപ്പ് നൽകി പിടിച്ച സ്ഥലത്തുതന്നെ വിടുകയും ഓരോ വർഷവും ഫീൽഡ് തലത്തിൽ പ്രതിരോധ കുത്തിവെപ്പുകൾ നടത്തി പേ വിഷബാധ നിർമാർജനം ചെയ്യുകയുമാണ് എ.ബി.സി. പദ്ധതിയുടെ ലക്ഷ്യം.
ജീവനക്കാർക്ക് ശമ്പളം നൽകാൻ വർഷം 65 ലക്ഷം
ആധുനിക സൗകര്യങ്ങളോടെ പൂർത്തീകരിച്ച എ.ബി.സി ഹോസ്പിറ്റലിന്‍റെ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി മുന്നോട്ടുകൊണ്ടുപോകാൻ ശമ്പളയിനത്തിൽ മാത്രം 65 ലക്ഷം രൂപയാണ് കോർപറേഷൻ ഈ വാർഷിക പദ്ധതിയിൽ വകയിരുത്തിയത്. 13 ജീവനക്കാരുടെ കാലാവധി നീട്ടിക്കൊടുക്കാനും കഴിഞ്ഞ ദിവസം കോർപറേഷൻ തീരുമാനിച്ചു. സർജൻ, അനസ്തേഷ്യ സ്പെഷലിസ്റ്റ്, ഡോഗ് ക്യാച്ചർ, അറ്റൻഡർ-ഡ്രൈവർ, സ്വീപ്പർ എന്നിവയാണ് ആശുപത്രിയിലെ തസ്തികകൾ.
ശസ്ത്രക്രിയ നടത്തിയ പട്ടിക്ക് കുട്ടികൾ; നാളെ പരിശോധന
എ.ബി.സി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ പട്ടി പ്രസവിച്ചതായി പരാതി. ശസ്ത്രക്രിയ നടത്തിയതിന് ചെവിയിൽ അടയാളമിട്ട പട്ടി ഫ്രാൻസിസ് റോഡ് ഭാഗത്ത് ആറ് കുട്ടികളുമായി നടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പദ്ധതിയുടെ പരാജയമാണ് പട്ടികളും കുട്ടികളുമെന്ന നിലയിലാണ് സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്. പട്ടിയെ പരിശോധിക്കുമെന്ന് കോർപറേഷൻ വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ അറിയിച്ചു. പദ്ധതിയിൽ പട്ടികളുടെ അണ്ഡാശയവും ഗർഭപാത്രവും നീക്കം ചെയ്യുന്നതിനാൽ പ്രസവിക്കില്ലെന്ന് നൂറുശതമാനം ഉറപ്പാണ്. പ്രചരിക്കുന്ന ചിത്രത്തിൽ വലിയ നായ്ക്കുഞ്ഞുങ്ങളാണുള്ളത്. മറ്റേതെങ്കിലും പട്ടിയുടേതാവാനാണ് സാധ്യത. വാർത്തകളിൽ പ്രചരിക്കുന്ന നായുടെ ചെവിയിൽ മറ്റേതെങ്കിലും തരത്തിലുണ്ടായ അടയാളമാവാനുള്ള സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.