തിരുവമ്പാടി: സംസ്ഥാനത്തെ 50 പാലങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നരീതിയിൽ വിദേശമാതൃകയില്‍ ദീപാലംകൃതമാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരുവമ്പാടി വഴിക്കടവ് പാലത്തിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2025ഓടെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളില്‍ 50 ശതമാനവും ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് മാറ്റും. മലയോര ഹൈവേയുടെ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായതായി മുഖ്യമന്ത്രിയുടെ സുപ്രധാന പദ്ധതികളില്‍ മലയോര ഹൈവേ ഉള്‍പ്പെടുത്തി.
മലയോര ഹൈവേ യാഥാര്‍ഥ്യമാകുന്നതോടെ മലയോരമേഖലയുടെ സമ്പൂര്‍ണ ഉണര്‍വ് സാധ്യമാകും. കാര്‍ഷിക, ടൂറിസം മേഖലയില്‍ അനന്തസാധ്യതകള്‍ക്ക് വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊയിലിങ്ങാപുഴക്ക് കുറുകെ പുന്നക്കല്‍, തിരുവമ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് വഴിക്കടവ് പാലം.
നബാര്‍ഡ് ആര്.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി 5.53 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. 33 മീറ്റര്‍ നീളത്തില്‍ രണ്ട് സ്പാനായാണ് പാലം രൂപകല്പന ചെയ്തിട്ടുള്ളത്. ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ ഫൂട്പാത്തും 7.50 മീറ്റര്‍ വീതിയില്‍ കാരേജ് വേയും ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. പാലത്തിന് പുന്നക്കല്‍ ഭാഗത്തുനിന്നും 110 മീറ്ററും തിരുവമ്പാടി ഭാഗത്ത് 65 മീറ്ററും നീളത്തില്‍ അനുബന്ധ റോഡ് നിർമിക്കുന്നതും ഈ പ്രവൃത്തിയില്‍ വിഭാവനംചെയ്തിട്ടുണ്ട്.
ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എൻജിനീയര്‍ ബി. അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാന്, ഉത്തരമേഖല പാലം വിഭാഗങ്ങള്‍ സൂപ്രണ്ടിങ് എൻജിനീയര്‍ പി.കെ. മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.