തിരുവമ്പാടി: ഏറെ വിവാദങ്ങളുയർത്തിയ അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡ് പണി ഇഴഞ്ഞുതന്നെ. 21.2 കി.മീ. മാത്രം നീളമുള്ള റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞു. 2018 സെപ്റ്റംബറിലാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. നവീകരണത്തിന് 86 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഒന്നര വർഷംകൊണ്ട് പണി പൂർത്തിയാക്കാനായിരുന്നു നാഥ് കൺസ്ട്രക്ഷൻ കമ്പനിയുമായുള്ള കരാർ. നാലു വർഷമായിട്ടും പണി പൂർത്തിയാക്കാത്തതിനാൽ കരാർ കമ്പനിയെ ഒഴിവാക്കിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണ് പണി പിന്നീട് ഏറ്റെടുത്തത്. ഓരോ വർഷവും റോഡ് പ്രവൃത്തി പൂർത്തീകരിക്കുമെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പ്രഖ്യാപിക്കാറുണ്ട്. 2021 മേയിലെ നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് പണി ഭാഗികമായി പൂർത്തീകരിച്ച് റോഡ് ഉദ്ഘാടനം നടത്താനും ശ്രമിച്ചിരുന്നു. പ്രഹസനമാകുമെന്ന വിമർശനമുയർന്നതിനാൽ അന്ന് ഉദ്ഘാടനം ഒഴിവാക്കി.
നിലവിൽ റോഡുപണി 60 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. മുറമ്പാത്തി - കോടഞ്ചേരി ഭാഗത്താണ് പ്രവൃത്തി എങ്ങുമെത്താത്തത്. ഈ ഭാഗത്ത് റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. ഓവുചാലുകളുടെ നിർമാണം പലയിടങ്ങളിലും പൂർത്തിയാകാനുണ്ട്. നിർമിച്ച ഓവുചാലുകൾ സ്ലാബിട്ട് മൂടാത്തത് കാൽനടക്കാർക്ക് അപകടമാണ്. ഓവുചാലിൽ വീണ് സ്ത്രീകളുൾപ്പെടെയുള്ളവർക്ക് സാരമായി പരിക്കേറ്റ സംഭവങ്ങളുണ്ടായി. അഗസ്ത്യൻമുഴി മുതൽ മുറമ്പാത്തി വരെ ഒന്നാം ഘട്ട ടാറിങ് കഴിഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് രണ്ടാംഘട്ട ടാറിങ് പൂർത്തിയാകാനുണ്ട്. റോഡുപണി കഴിയാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറയുന്നത്.
ഈ റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഹൈകോടതിയിൽ കേസ് നിലവിലുണ്ട്. റോഡിന്റെ എസ്റ്റിമേറ്റിൽ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ ജോർജ് എം. തോമസിനെതിരെയും ആരോപണമുയർന്നിരുന്നു. റോഡ് നിർമാണത്തിന്റെ ഭാഗമായിരുന്ന കേബ്ൾ ചാൽ ഒഴിവാക്കി 13 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നും ആക്ഷേപമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.