തിരുവമ്പാടി: ബഫർസോൺ, ഇ.എസ്.എ നിയമങ്ങൾക്കെതിരെ തിരുവമ്പാടിയിൽ സംയുക്ത സമരസമിതിയുടെ പ്രതിഷേധ റാലി. ബഫർസോൺ, ഇ.എസ്.എ നിയമങ്ങൾ നടപ്പാക്കി സംരക്ഷിതമേഖലയിൽ വൻ നിയന്ത്രണങ്ങൾ വരുത്തി കർഷകർ കൃഷിഭൂമിയിൽനിന്ന് സ്വയം ഒഴിഞ്ഞുപോകുന്ന സാഹചര്യമാണ് അധികൃതർ നടപ്പാക്കുന്നതെന്ന് പൊതുയോഗത്തിൽ നേതാക്കൾ പറഞ്ഞു. മലയോരജനതയെ സംരക്ഷിക്കേണ്ടവർ അതിന് നിയമം നിർമിക്കാൻ തയാറാകാതെ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുകയാണ്. ഇതിന് പരിഹാരം ഉണ്ടാകുന്നതുവരെ സമരപരിപാടികൾ തുടരുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി.
വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ സ്ത്രീകളടക്കം വൻ ജനാവലി പങ്കാളികളായി. പൊതുസമ്മേളനത്തിൽ തിരുവമ്പാടി മേഖല സംയുക്ത സമരസമിതി രക്ഷാധികാരി ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജില്ല ചെയർമാൻ ഡോ. ചാക്കോ കാളംപറമ്പിൽ, എ.കെ.സി.സി രൂപത പ്രസിഡന്റ് ഫാ. സെബിൻ തൂമുള്ളിൽ, എസ്.എൻ.ഡി.പി തിരുവമ്പാടി യൂനിയൻ കൗൺസിലർ ഭരത് ബാബു, ടൗൺ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്വീഫ് സഖാഫി, വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് ജിജി കെ. തോമസ്, ജനറൽ കൺവീനർ തോമസ് വലിയപറമ്പൻ, താഴെ തിരുവമ്പാടി കൽപുഴായി ശിവക്ഷേത്രം പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു പയ്യടിയിൽ, കൺവീനർമാരായ സജീവ് പുരയിടത്തിൽ, ബെന്നി കിഴക്കേപറമ്പിൽ എന്നിവർ സംസാരിച്ചു.വിവിധ സമുദായ - സാമൂഹിക സംഘടനാ പ്രതിനിധികളായ എ.കെ. മുഹമ്മദ്, സാജൻ സേട്ട്, ജോസഫ് പുലക്കുടി, തങ്കച്ചൻ തെക്കേക്കര, ബിജു പുരയിടത്തിൽ, ബോബൻ മുരിങ്ങയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.