തിരുവമ്പാടി: താമരശ്ശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകൾ കോടഞ്ചേരിയിൽ വിശ്വാസ സംരക്ഷണ റാലി നടത്തി. ക്രൈസ്തവർ ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത താമരശ്ശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ക്രൈസ്തവർക്കെതിരായ പ്രതിലോമശക്തികൾക്കെതിരെ ഞങ്ങൾ ഒറ്റക്കെട്ടായിരിക്കും. സമുദായം ഒരുമിച്ച് നിൽക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവരുടെ സഹായത്താൽ വളർന്നവർ ഇപ്പോൾ നെഞ്ചത്ത് കയറരുതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സീറോ മലബാർ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പിൽ പറഞ്ഞു.
നാർകോട്ടിക്ക് ജിഹാദ്, സ്വർണക്കടത്ത്, രണ്ടാം ഖിലാഫത്ത് പ്രസ്ഥാനശ്രമം ഇവയെല്ലാം യാഥാർഥ്യമാണെന്ന് പ്രഭാഷണം നടത്തിയ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ പറഞ്ഞു. കേരളത്തെ ആറാം നൂറ്റാണ്ടിലേക്കോ ഏഴാം നൂറ്റാണ്ടിലേക്കോ കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ക്രൈസ്തവരെ വെല്ലുവിളിക്കുന്നവരുടെ മുന്നിൽ തലകുനിക്കില്ല.യേശുവിന്റെ മുന്നിൽ മാത്രമേ തല കുനിക്കൂ. പൊളിറ്റിക്കൽ ഇസ്‍ലാമിന്റെ മതരാഷ്ട്ര തീവ്രവാദത്തെ നേരിടും. ക്രൈസ്തവർക്കെതിരെ പ്രവർത്തിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ കാണിച്ച് കൊടുക്കണമെന്നും രാഷ്ട്രീയ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന കൂട്ടായ്മയായി ക്രൈസ്തവർ മാറണമെന്നും ജസ്റ്റിൻ പള്ളിവാതുക്കൽ ആഹ്വാനം ചെയ്തു.
ജൂത, ക്രൈസ്തവ വിശ്വാസികളെ ഉറ്റമിത്രങ്ങളാക്കരുതെന്നാണ് ഖുർആന്റെ ശാസനയെന്ന് പൊതുസമ്മേളനത്തിൽ സംസാരിച്ച ഫാ. ജോൺസൺ തെക്കടയിൽ പറഞ്ഞു. ഞങ്ങളുടെ മാർഗം വാളല്ല, സ്നേഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.