തിരുവമ്പാടിയിൽ തോടിനോട് ചേർന്ന കെട്ടിട നിർമാണം വിവാദത്തിൽ

തിരുവമ്പാടി: ടൗണിനോട് ചേർന്ന് ഒഴുകുന്ന തോടിന് സമീപം നിർമിക്കുന്ന കെട്ടിട നിർമാണം വിവാദത്തിൽ. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫിസുകൾക്ക് അടുത്ത് തോടിനോട് ചേർന്നാണ് സ്വകാര്യ കെട്ടിടനിർമാണം നടക്കുന്നത്. തോടിൽനിന്ന് നിശ്ചിത അകലം പാലിക്കാതെയാണ് കെട്ടിടനിർമാണം നടക്കുന്നതെന്നാണ് ആരോപണം. നാലു മീറ്റർ വീതിയിൽ ഒഴുകിയിരുന്ന തിരുവമ്പാടി ടൗണിലെ പ്രധാന തോടിന്റെ ഭാഗമാണ് കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്തെ തോട്.

കെട്ടിടനിർമാണ ചട്ടപ്രകാരമുള്ള അകലം പാലിച്ചല്ല പ്രവൃത്തി നടക്കുന്നതെന്നാണ് സ്ഥലം സന്ദർശിച്ചാൽ വ്യക്തമാകുന്നത്. പ്രശ്നം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫിസർക്കും പരാതി നൽകി. നീർച്ചാലുകളും നീർത്തടങ്ങളും സംരക്ഷിക്കണമെന്നും കെട്ടിടനിർമാണം ചട്ടപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ആക്ഷേപമുയർന്ന സാഹചര്യത്തിൽ അധികൃതർ വ്യക്തത വരുത്തണം. ഗ്രാമപഞ്ചായത്തിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും നിയമാനുസൃതമാണെന്ന് പരിശോധിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

അതേസമയം, കെട്ടിടനിർമാണ പ്ലാൻ നിയമാനുസൃതമായതിനാലാണ് പ്രവൃത്തിക്ക് അനുമതി നൽകിയതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിപിൻ ജോസഫ് പറഞ്ഞു. പരാതി ലഭിച്ച സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവൃത്തി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - construction of building near the river is in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.