തിരുവമ്പാടി: വേട്ടനായ്ക്കളെ അഴിച്ചുവിട്ട് വനപാലകരെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ മൂന്നു പ്രതികൾ പിടിയിൽ. കൂടരഞ്ഞി പൂവാറംതോട് കാക്യാനിയിൽ ജിൽസൻ ജോസഫ് (33), കയ്യാലക്കകത്ത് വിനോജ് (33), മഞ്ഞക്കടവ് ആലയിൽ ജയ്സൻ (54) എന്നിവരെയാണ് താമരശ്ശേരി റേഞ്ച് ഓഫിസർ എം.കെ. രാജീവ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ആറു മാസം മുമ്പാണ് പൂവാറംതോടിൽ വനപാലകർ വേട്ടനായ്ക്കളുടെ ആക്രമണത്തിനിരയായത്. ഏപ്രിൽ 21ന് ഹൈകോടതി ഉത്തരവുപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി റേഞ്ച് ഓഫിസർ മുമ്പാകെ ഹാജരായ പ്രതികൾ തെളിവെടുപ്പ് പൂർത്തിയാകുംമുമ്പേ ജാമ്യം നേടി ഒളിവിൽ പോകുകയായിരുന്നു. ജില്ല കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പ്രതികൾ ഹൈകോടതിയെ സമീപിച്ചു.
എന്നാൽ, ജില്ല കോടതിയുടെ ഉത്തരവ് ഹൈകോടതി ശരിവെക്കുകയായിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി റേഞ്ച് ഓഫിസർ മുമ്പാകെ കീഴടങ്ങാതെ പ്രതികൾ ഹൈകോടതി ഉത്തരവ് ലംഘിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
പ്രതികളെ തിരുവമ്പാടി ഭാഗത്തുവെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.കെ. സജീവ് കുമാർ, കെ. മണി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി. ആനന്ദരാജ്, സന്ദീപ് എസ്.ബി, ജിതേഷ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.