തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിലെ അനധികൃത തടയണകൾ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പാരിസ്ഥിതിക വാദങ്ങൾക്കുള്ള അംഗീകാരമായി.
നിയമം ലംഘിച്ച് അതീവ പരിസ്ഥിതിലോല പ്രദേശമായ കക്കാടംപൊയിലില്‍ പി.വി.ആര് നാച്വറോ റിസോര്‍ട്ടില്‍ നിര്‍മിച്ച നാല് തടയണകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനും തിരിച്ചടിയാണ്.
പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലും പരാതിയെത്തിയിരുന്നെങ്കിലും അധികൃതർ നിസ്സംഗത പുലർത്തുകയായിരുന്നു. പരിസ്ഥിതി പ്രവർത്തകരുടെ നാലുവർഷം നീണ്ട നിയമപോരാട്ടങ്ങൾക്കുശേഷമാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി. പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടർ തീം പാര്‍ക്കിന്റെ ഭാഗമായി 2017ലാണ് റിസോർട്ടുകൾ നിർമിച്ചത്.
പ്രകൃതിദത്ത നീരൊഴുക്ക് തടസ്സപ്പെടുത്തി അനുമതിയില്ലാതെ മൂന്ന് കോണ്‍ക്രീറ്റ് തടയണകളും ഒരു മണ്‍തടയണയും നിര്‍മിച്ചെന്നായിരുന്നു പരാതി. നീരുറവ നികത്തി റോഡ് പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയതെന്നും ആരോപണമുയർന്നിരുന്നു.
ഉരുള്‍പൊട്ടല്‍ മേഖലയിലുൾപ്പെടുന്ന സ്ഥലത്താണ് തടയണകള്‍ കെട്ടിയത്. തടയണകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ക്ക് നേരത്തേ പരാതി നല്‍കിയിരുന്നു.
പരാതിയില്‍ ഒരു വര്‍ഷമായിട്ടും കലക്ടര്‍ നടപടി സ്വീകരിച്ചില്ല. പരാതിയെ തുടർന്ന് 2019ൽ റവന്യൂ മന്ത്രി ജില്ല കലക്ടറുടെ റിപ്പോര്‍ട്ട് തേടി. തുടർന്ന് അന്വേഷണം നടത്താന്‍ കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടർ നിര്‍ദേശം നല്കി.
തടയണകള്‍ക്കും റിസോര്‍ട്ടിനുമെതിരെ നടപടിയാവശ്യപ്പെട്ട് കക്കാടംപൊയില്‍ സ്വദേശി കെ.വി. ജിജു 2018ല്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. നടപടിയില്ലാതെ വന്നതോടെ ജിജു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിജിലന്‍സ് സ്ക്വാഡിന് പരാതി നല്കി.
ഇതിനിടെ, അനുമതിയില്ലാതെ അനധികൃതമായാണ് പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് തടയണകള്‍ നിര്‍മിച്ചതെന്ന് കൂടരഞ്ഞി വില്ലേജ് ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയും കലക്ടർക്ക് റിപ്പോർട്ട് നൽകി.
തടയണകള്‍ അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് നിര്‍മിച്ചതെന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് കേരള നദീ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി. രാജന് ഹൈകോടതിയെ സമീപിച്ചു.
കൂടരഞ്ഞി വില്ലേജ് ഓഫിസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കലക്ടര്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ, കലക്ടർ ഉത്തരവ് നടപ്പാക്കാൻ മടിച്ചു.
ഇതിനിടെ, തടയണ പൊളിക്കാനുള്ള ഉത്തരവ് നിലനില്‍ക്കെ പി.വി. അന്‍വര്‍ എം.എല്‍.എ തടയണകളും റിസോര്‍ട്ടും നിലനില്‍ക്കുന്ന സ്ഥലം 2020 ഒക്ടോബറിൽ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്പന നടത്തിയതായും പറയുന്നു.
തടയണ പൊളിക്കുന്നതിനെതിരെ ഷഫീക്കും ഹൈകോടതിയെ സമീപിച്ചിരുന്നു. സ്ഥലമുടമ തടയണകൾ ഒരു മാസത്തിനകം പൊളിച്ചില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദേശം. അതേസമയം, ഹൈകോടതി വിധി ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.