തിരുവമ്പാടി: 'സത്യസന്ധനാണ്, ആദർശവാനാണ്....' തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർഥി സി.പി. ചെറിയ മുഹമ്മദിനെ കല്ലുരുട്ടി തിരുഹൃദയ മഠത്തിലെ കന്യാസ്ത്രീകൾക്ക് പരിചയപ്പെടുത്തുകയാണ് യു.ഡി.എഫ് പ്രവർത്തകനായ ഷാജൻ നെടുങ്കല്ലേൽ.
ചൊവ്വാഴ്ച രാവിലെ 10.45 ഓടെയാണ് തിരുഹൃദയ മഠത്തിൽ സി.പി. ചെറിയ മുഹമ്മദ് എത്തിയത്. 'വിശ്വാസികൾക്കൊപ്പമുണ്ടായിരിക്കും ഞാൻ' കന്യാസ്ത്രീകൾക്ക് സി.പിയുടെ ഉറപ്പ്. മുമ്പ് ഇടത് സർക്കാറിെൻറ കാലത്തെ മതമില്ലാത്ത ജീവൻ പാഠപുസ്തക വിവാദത്തിൽ സമരരംഗത്തിറങ്ങിയ അധ്യാപക കൂട്ടായ്മയുടെ കൺവീനറായിരുന്നുവെന്ന് അധ്യാപകരായ സന്യാസിനിമാരോട് സ്ഥാനാർഥിയുടെ ഓർമപ്പെടുത്തൽ.
ധൈര്യമായി പോയ്ക്കോളൂ, ഞങ്ങളുണ്ട് കൂടെ... സന്യാസിനിമാരിൽ ഒരാളുടെ ഉറപ്പ്. കല്ലുരുട്ടി അങ്ങാടിയിലെ കടകളിൽ കയറി വോട്ടർഭ്യർഥിച്ചായിരുന്നു ചൊവ്വാഴ്ച സ്ഥാനാർഥിയുടെ സന്ദർശന തുടക്കം.
മുൻ ജില്ല വിദ്യാഭ്യാസ ഓഫിസർ രാജഗോപാലൻ മാഷിെൻറ വീടിവിടെയാണെന്ന് തിരുഹൃദയ മഠത്തിൽനിന്ന് മടങ്ങവേ പ്രവർത്തകർ ശ്രദ്ധയിൽപെടുത്തി. റോഡരികിലുള്ള വീട്ടിൽ ഓടിക്കയറി സി.പി. ചെറിയ മുഹമ്മദ് പരിചയം പുതുക്കി. തെച്യാട് അൽ ഇർഷാദ് കോളജ് മാനേജ്മെൻറ് ഓഫിസിലെത്തിയ സ്ഥാനാർഥിയെയും പ്രവർത്തകരെയും ഊഷ്മളമായി അധികൃതർ സ്വീകരിച്ചു.
കുവൈത്തിലുള്ള കോളജ് ചെയർമാൻ ഹുസൈൻ നിബാരിയോട് ടെലിഫോണിൽ വോട്ടഭ്യർഥന. നാട്ടുകാരനും സുഹൃത്തുമായ സി.പി. ചെറിയ മുഹമ്മദിനെ കണ്ടപ്പോൾ കോളജ് പ്രിൻസിപ്പൽ വി. സലീനക്ക് ആഹ്ലാദം. സ്വകാര്യ കോളജുകളിലെ വിദ്യാർഥികൾക്ക് പട്ടികജാതി സ്കോളർഷിപ് ഉൾപ്പെടെ നിഷേധിക്കുന്നതായി വിദ്യാർഥികൾ പരാതി പറഞ്ഞു.
എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടാൽ മലയോരത്തെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പോലെതന്നെ വിദ്യാർഥികൾ ഉന്നയിച്ച സ്കോളർഷിപ് വിഷയത്തിലും പരിഹാരത്തിനായി ശ്രമിക്കുമെന്ന് സി.പി ഉറപ്പുനൽകിയപ്പോൾ കുട്ടികളുടെ കൈയ്യടി.
ഓമശ്ശേരി പ്ലസൻറ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികളുമായും സ്ഥാനാർഥി അൽപസമയം സംവദിച്ചു. ഇവിടെനിന്ന് ചായ കഴിച്ചായിരുന്നു മടക്കം. ദീർഘനാളത്തെ അധ്യാപനം ആളുകളിലേക്ക് എളുപ്പമെത്താൻ സഹായകരമായെന്ന് സി.പി.ചെറിയ മുഹമ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു.
മണാശ്ശേരി എം.എ.എം.ഒ കോളജ്, മാമ്പറ്റ ഡോൺ ബോസ്കോ, മാമ്പറ്റ നാല് സെൻറ് കോളനി, നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും ഉച്ച രണ്ടോടെ സന്ദർശനം പൂർത്തീകരിച്ചു. വൈകീട്ട് മുക്കത്ത് നടന്ന 'ന്യൂജൻ വിത്ത് സി.പി' പരിപാടിയിൽ അദ്ദേഹം യുവാക്കളുമായി സംവദിച്ചു.
തിരുവമ്പാടി: ചൊവ്വാഴ്ച വൈകീട്ട് 3.30. പുതുപ്പാടി മലപുറം കുന്നത്തുപ്പൊയിൽ ബാബുവിെൻറ വീട്ടുമുറ്റത്ത് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പ്രവർത്തകർ ഇടതുമുന്നണി സ്ഥാനാർഥി ലിേൻറാ ജോസഫിനെ കാത്തിരിക്കുകയാണ്. സി.പി.ഐ ജില്ല കമ്മിറ്റി അംഗം പി.കെ. കണ്ണൻ സ്ഥാനാർഥി വരുംമുമ്പ് പ്രസംഗം തുടങ്ങിയിരുന്നു. പ്രളയവും കോവിഡും വാക്സിനേഷനും ..... സർക്കാർ വിജയകരമായി എല്ലാം മറികടന്നു.
ദുരിതകാലത്ത് താങ്ങായി ക്ഷേമ പെൻഷനും സൗജന്യ കിറ്റും നൽകി. പ്രസംഗത്തിനിടക്ക് സ്ഥാനാർഥിയുടെ അനൗൺസ്മെൻറ് വാഹനം കടന്നുവന്നു. പിറകിൽ സ്ഥാനാർഥി സഞ്ചരിച്ച കാറുമുണ്ട്. സ്ഥാനാർഥി ലിേൻറാ ജോസഫ് പുറത്തിറങ്ങി. സി.പി.എം ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ, ഏരിയ കമ്മിറ്റി അംഗം കെ.സി. വേലായുധൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കുട്ടികളോടും പ്രായമായവരോടും സ്നേഹപ്രകടനം നടത്തി പ്രസംഗവേദിയിലേക്ക്. 'പ്രിയ സഹോദരങ്ങളെ, സുഹൃത്തുക്കളെ അനിയന്മാരെ... കഴിഞ്ഞ അഞ്ചുവർഷത്തെ സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങൾ തുടരണം.
ആരും പട്ടിണികിടക്കരുതെന്നാണ് സർക്കാർ നയം. ക്ഷേമ പെൻഷൻ വലിയ സഹായമായി പല കുടുംബങ്ങൾക്കും. 2500 കോടി രൂപയുടെ വികസന പ്രവൃത്തിയാണ് ജോർജ് എം. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നത്. ഇവിടെയുള്ള ഓരോരുത്തരും ലിേൻറാ ജോസഫിനായി പ്രചാരണ രംഗത്തിറങ്ങണം' സ്ഥാനാർഥി ലിേൻറാ ജോസഫ് പറഞ്ഞുനിർത്തി.
രാവിലെ ഒമ്പതിന് പുതുപ്പാടി പഞ്ചായത്തിലെ നടുക്കുന്നിൽ നിന്നാരംഭിച്ച സ്ഥാനാർഥി പര്യടനം പയോണ, കരിക്കുളം, കക്കാട്, ആച്ചി, വെസ്റ്റ് പുതുപ്പാടി, പറഗ്ഗേരി, ഫാക്ടറിപ്പടി, പുറ്റയാംകുന്ന്, എലോക്കര, തെരുവംപൊയിൽ, അമ്പലപ്പടി, ആനപ്പാറപ്പൊയിൽ, താഴെ വനഭൂമി എന്നിവിടങ്ങളിലെ സന്ദർശന ശേഷമാണ് മലപുറം കുന്നത്തുപൊയിലിലെത്തിയത്.
പുതുപ്പാടി പെരുവൻകുഴിയിൽ പി.കെ. ഷരീഫിെൻറ വീട്ടിലായിരുന്നു ഉച്ചഭക്ഷണവും വിശ്രമവും. കൊട്ടാരക്കോത്തിലെത്തിയ സ്ഥാനാർഥി ലിേൻറാ ജോസഫിനെ സ്വീകരിക്കാൻ കാഴ്ചപരിമിതിയെ മറികടന്ന് പാരാലിമ്പിക് ഏഷ്യൻ ഗെയിംസ് താരമായ പി.കെ. മുഹമ്മദ് സ്വാലിഹ് എത്തിയിരുന്നു. കൊട്ടാരക്കോത്ത് സ്വദേശിയാണ് പി.കെ. മുഹമ്മദ് സ്വാലിഹ്. വൈകീട്ട് ചായ കഴിച്ച് യോഗത്തിനെത്തിയവരോടൊപ്പം ഫോട്ടോയെടുത്താണ് സ്ഥാനാർഥി അടുത്തകേന്ദ്രത്തിലേക്ക് നീങ്ങിയത്. പ്രചാരണം ഗംഭീരമാണെന്നും തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും ലിേൻറാ ജോസഫ് 'മാധ്യമ'ത്തോട് പ്രതികരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവിലായിരുന്നു ചൊവ്വാഴ്ച രാത്രി സ്ഥാനാർഥി പര്യടന സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.