representational image

തിരുവമ്പാടിയിൽ വാതക ശ്മശാനം യാഥാർഥ്യമായി

തിരുവമ്പാടി: ഒന്നര പതിറ്റാണ്ടുമുമ്പ് പ്രവർത്തനം തുടങ്ങിയ, ഗ്രാമപഞ്ചായത്തിലെ വാതക ശ്മശാനം യാഥാർഥ്യമായി. വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് ലിന്റോ ജോസഫ് എം.എൽ.എ നിർവഹിക്കും.

2006ൽ ജോളി ജോസഫ് പ്രസിഡന്റായിരുന്ന പഞ്ചായത്ത് ഭരണസമിതിയാണ് ചവലപ്പാറയിൽ രണ്ടേക്കർ ഭൂമി പൊതുശ്മശാനത്തിനായി വാങ്ങുന്നത്. പിന്നീട് വന്ന പഞ്ചായത്ത് ഭരണസമിതികൾക്കൊന്നും പൂർണമായി ശ്മശാനം യാഥാർഥ്യമാക്കാനായില്ല. എന്നാൽ 2010, 2020 വർഷങ്ങളിൽ പൊതുശ്മശാനത്തിന്റെ രണ്ട് ഉദ്ഘാടന പ്രഹസനവും അരങ്ങേറി.

വാതക ശ്മശാനം യാഥാർഥ്യമായതോടെ ഗ്രാമപഞ്ചായത്തിലെ ദലിത് കുടുംബങ്ങൾക്കാണ് ആശ്വാസമാകുന്നത്. മൃതദേഹ സംസ്കാരത്തിന് ഭൂമിയില്ലാതെ നിരവധി കുടുംബങ്ങൾ ദുരിതമനുഭവിച്ചിരുന്നു.

താഴെ തിരുവമ്പാടിയിലെ പുറമ്പോക്ക് സ്ഥലത്തായിരുന്നു, അന്ത്യവിശ്രമത്തിന് ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ശ്മശാന സൗകര്യം ലഭിച്ചിരുന്നത്. നിരവധി കുടുംബങ്ങൾ മറ്റ് പ്രദേശങ്ങളിലെ പൊതുശ്മശാനങ്ങളെ ആശ്രയിച്ച് വരുകയായിരുന്നു.

2020 അധികാരത്തിലെത്തിയ മേഴ്സി പുളിക്കാട്ട് പ്രസിഡന്റായ പഞ്ചായത്ത് ഭരണസമിതിയാണ് വാതക ശ്മശാനത്തിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പൂർത്തീകരിച്ചത്. ജീവനക്കാരുടെ നിയമനം, ശ്മശാന ചുറ്റുമതിൽ നിർമാണം, ജനറേറ്റർ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളെല്ലാം നിലവിലെ ഭരണസമിതി പൂർത്തീകരിച്ചു.

സാങ്കേതിക തടസ്സങ്ങളും നീക്കി. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ വാതക ശ്മശാനം പ്രവർത്തന സജ്ജമാകുന്നത് ഗ്രാമപഞ്ചായത്തിന് നേട്ടമാകും.

Tags:    
News Summary - Gas cremation-Thiruvambadi-inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.