തിരുവമ്പാടി: കേരഫെഡ് പച്ചത്തേങ്ങ സംഭരണത്തിൽ കർഷകർക്ക് മൂന്നുമാസമായിട്ടും പണം ലഭിച്ചില്ല. ജില്ലയിലെ തിരഞ്ഞെടുത്ത കൃഷിഭവനുകൾ വഴിയാണ് പച്ചത്തേങ്ങ സംഭരിച്ചിരുന്നത്. ജൂലൈ ആദ്യവാരത്തിൽ പച്ചത്തേങ്ങ നൽകിയ തിരുവമ്പാടി കൃഷിഭവന് കീഴിലെ കർഷകരാണ് ഇപ്പോഴും തേങ്ങയുടെ പണത്തിനായി കാത്തിരിക്കുന്നത്. കർഷകർക്ക് അക്കൗണ്ടുള്ള ബാങ്കുകൾ വഴിയാണ് തുക ലഭിച്ചിരുന്നത്.
ഒരുമാസംകൊണ്ട് ലഭിക്കേണ്ട തുകയാണ് മൂന്ന് മാസത്തോളം വൈകിയിരിക്കുന്നത്. വിലത്തകർച്ചയിൽ ഉൽപാദന ചെലവ് പോലും കിട്ടാത്ത കർഷകരാണ് സംഭരണ പണം ലഭിക്കാതെ ദുരിതത്തിലായത്. നാമമാത്രമായി നടത്തുന്ന നാളികേര സംഭരണം പ്രഹസനമാണെന്നാണ് കർഷകർ പറയുന്നത്.
ആഴ്ചയിൽ രണ്ടുദിവസം 10 ടൺ പച്ചത്തേങ്ങയാണ് ഒരു കൃഷിഭവനിൽ സംഭരിച്ചിരുന്നത്. നാളികേര വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് നാമമാത്രമായി കേരഫെഡ് തേങ്ങ സംഭരണം തുടങ്ങിയത്. തേങ്ങ നൽകുന്നതിന്റെ ഒരുമാസം മുമ്പ് അപേക്ഷ നൽകിയാണ് കർഷകർ സംഭരണ ഊഴത്തിനായി കാത്തിരുന്നത്. 10 ടൺ നാളികേരമെന്ന പരിധി കാരണം നൂറുകണക്കിന് കർഷകരാണ് സംഭരണ പദ്ധതിയുടെ പ്രയോജനം ലഭിക്കാതെ പുറത്തായത്.
സെപ്റ്റംബർ ഒന്ന് മുതൽ കേരഫെഡിന് പകരം നാഫെഡ് തേങ്ങ സംഭരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി ഇ സമൃദ്ധി പോർട്ടലിൽ കർഷകർ രജിസ്റ്റർ ചെയ്യണം. വിലത്തകർച്ച കാരണം പ്രതിസന്ധിയിലായ കർഷകർക്കായി മുഴുവൻ കൃഷിഭവനുകളിലും നാളികേര സംഭരണത്തിന് സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.