തിരുവമ്പാടി: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോകളിലെ മെക്കാനിക്കൽ ജീവനക്കാരെ വെട്ടിക്കുറച്ച നടപടി മലയോര മേഖലക്ക് കനത്ത തിരിച്ചടി. തിരുവമ്പാടി ഓപറേറ്റിങ് സെൻറർ, താമരശ്ശേരി സബ് ഡിപ്പോ എന്നിവയിലെ 19 മെക്കാനിക്കൽ ജീവനക്കാരെ മാറ്റി കെ.എസ്.ആർ.ടി.സി അഡീഷനൽ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് മലയോര മേഖലക്ക് തിരിച്ചടിയായത്. ജീവനക്കാരെ കോഴിക്കോട് ഡിപ്പോയിലേക്കു മാറ്റുന്നതായാണ് ഉത്തരവ്.
കെ.എസ്.ആർ.ടി.സി സേവന വേതന കരാർ പ്രകാരമുള്ള ചെലവുചുരുക്കലിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വിവിധ സബ്ഡിപ്പോകളിലെ ജീവനക്കാരെ ജില്ല ഡിപ്പോകളിലേക്കു മാറ്റുന്നത്. ഫെബ്രുവരി 23നകം ജീവനക്കാർക്ക് വിടുതൽ നൽകണമെന്നാണ് ഉത്തരവെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങൾ ജീവനക്കാർക്ക് ഇതുവരെ ലഭ്യമായിട്ടില്ല. 26നകം ജീവനക്കാരുടെ പുനഃക്രമീകരണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
ഭൂരിഭാഗം മെക്കാനിക്കൽ ജീവനക്കാരെയും മാറ്റാനുള്ള തീരുമാനം തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻറർ വർക്ക്ഷോപ്പ് പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരുവമ്പാടി ഓപറേറ്റിങ് സെന്ററിൽനിന്ന് ദീർഘദൂരം ഉൾപ്പെടെ 26 സർവിസുകളുണ്ട്. മലയോര മേഖലയിൽ തകരാറിലാകുന്ന ബസുകൾ തിരുവമ്പാടിയിലെ വർക്ക് ഷോപ്പിനെയാണ് ആശ്രയിച്ചിരുന്നത്. ജീവനക്കാർ ഗണ്യമായി കുറയുന്നതോടെ സർവിസ് ആവശ്യങ്ങൾക്ക് ബസുകൾ കോഴിക്കോട് ഡിപ്പോയിലേക്ക് കൊണ്ടു പോകേണ്ടിവരും. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന മലയോര മേഖലക്ക് യാത്രാദുരിതമാകും ഫലം.
2011ലാണ് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻറർ പ്രവർത്തനം തുടങ്ങിയത്. ബസ് സ്റ്റാൻഡ്, വർക്ക്ഷോപ്പ് എന്നിവക്കായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 1.48 ഏക്കർ ഭൂമി ഈയിടെ കെ.എസ്.ആർ.ടി.സിക്ക് കൈമാറിയിരുന്നു. മെക്കാനിക്കൽ ജീവനക്കാരെ മാറ്റാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു. പ്രശ്നം ചർച്ചചെയ്യാൻ വ്യാഴാഴ്ച ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേരുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. അബ്ദുറഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.