തിരുവമ്പാടി: ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട കരാർ വെച്ച മുഴുവൻ ഗുണഭോക്താക്കൾക്കും ജൂൺ മാസം അവസാനത്തോടെ പദ്ധതി വിഹിതത്തിന്റെ ആദ്യ ഗഡു നൽകുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ. ഗ്രാമപഞ്ചായത്തിന്റെ 2023 വർഷത്തെ പദ്ധതികളുടെ നടപടിക്രമങ്ങൾ കഴിഞ്ഞദിവസം പൂർത്തിയായി. 49 ലക്ഷം രൂപ സംസ്ഥാന വിഹിതം ലഭ്യമായിട്ടുണ്ട്. പദ്ധതി വിഹിതം വെള്ളിയാഴ്ച മുതൽ വിതരണം തുടങ്ങും.
ലൈഫ് പദ്ധതി പുതിയ ലിസ്റ്റിൽ 72 പേരും എസ്.സി വിഭാഗത്തിൽ 15 പേരും എസ്.ടി വിഭാഗത്തിൽ 11 പേരും കരാർ വെച്ചിട്ടുണ്ട്. കരാർ വെച്ചവർക്ക് ആദ്യ ഗഡു നൽകുവാനുള്ള നടപടിയാണ് പൂർത്തിയായത്. പദ്ധതിയിൽ പണി പൂർത്തീകരിക്കാത്ത വീടുകൾക്ക് പിന്നീട് തുക വിതരണം ചെയ്യും.
ലൈഫ് പദ്ധതിയിൽ അർഹരായ പരമാവധി പേർക്ക് ആനുകൂല്യം ലഭ്യമാക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ അറിയിച്ചു. പഞ്ചായത്തിന് ലഭ്യമാകുന്ന വികസന ഫണ്ടിന്റെ 20 ശതമാനം മാറ്റിവെച്ചും ഹഡ്കോയിൽനിന്ന് വായ്പയെടുത്തുമാണ് ലൈഫ് പദ്ധതിക്ക് പഞ്ചായത്ത് ഫണ്ട് കണ്ടെത്തുന്നത്.
സംസ്ഥാന വിഹിതം ഒരു വീടിന് ഒരു ലക്ഷം രൂപ മാത്രമാണ്. ലൈഫിനെ സംസ്ഥാന സർക്കാർ പദ്ധതി എന്ന് പറയുന്നത് പേരിന് മാത്രമാണെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.