തിരുവമ്പാടി: വിദ്യാലയങ്ങളിലെ സൗജന്യ ഉച്ചഭക്ഷണം മുടങ്ങുമെന്ന് ആശങ്ക. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഉച്ചഭക്ഷണ ഫണ്ട് ഇതുവരെ ലഭിച്ചില്ല. ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപവരെ വിദ്യാലയങ്ങൾക്ക് ലഭിക്കാനുണ്ട്. വായ്പയെടുത്താണ് കഴിഞ്ഞ മൂന്നു മാസം പദ്ധതി മുന്നോട്ടു കൊണ്ടുപോയതെന്ന് പ്രധാനാധ്യാപകർ പറഞ്ഞു. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നത്.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് തുച്ഛമായ തുകയാണ് ഉച്ചഭക്ഷണത്തിനായി ലഭിക്കാറുള്ളത്. കുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകവാതകം ഉൾപ്പെടെ ഉച്ചഭക്ഷണം തയാറാക്കാനാവശ്യമായ സാധനങ്ങൾ വാങ്ങാൻ ലഭിക്കുന്ന തുക പലപ്പോഴും തികയാറില്ല. അവശ്യസാധനങ്ങളുടെ വിലവർധന രൂക്ഷമായിരിക്കെയാണ് സർക്കാർ നൽകിയിരുന്ന ഫണ്ടും നിലച്ചിരിക്കുന്നത്.
സർക്കാർ നൽകുന്ന അരി ഉപയോഗിച്ച് കുട്ടികൾക്ക് കഞ്ഞിവെച്ച് നൽകേണ്ട സാഹചര്യമാണുള്ളതെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. എൽ.പി, യു.പി സ്കൂളുകളിൽ പ്രധാനാധ്യാപകർ തന്നെയാണ് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് നിർവഹിക്കുന്നത്. ഇവർക്ക് പ്രധാനാധ്യാപകന്റെ ജോലിക്ക് പുറമേ ക്ലാസ് എടുക്കേണ്ട സാഹചര്യവുമുണ്ട്. പ്രൈമറി വിദ്യാലയങ്ങളിൽ ക്ലർക്ക് തസ്തികയില്ലാത്തതിനാൽ ആ ചുമതലയും പ്രധാനാധ്യാപകന്റെ ചുമലിലാണ്. ഇത്തവണ ഓണത്തിന് പാചകത്തൊഴിലാളിലാളികൾക്ക് ഉത്സവബത്തയും കിട്ടിയിട്ടില്ല. കഴിഞ്ഞ വർഷം 1200 രൂപ ഉത്സവബത്ത നൽകിയിരുന്നു. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഉച്ചഭക്ഷണ പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതിന് തടസ്സമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.