തിരുവമ്പാടി: ടൗണിലെ ഭാരത് പാചകവാതക ഗോഡൗൺ കെട്ടിടത്തിന് അനുമതി നൽകിയത് സംബന്ധിച്ച പരാതിയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ വീണ്ടും വിജിലൻസ് പരിശോധന. പഞ്ചായത്ത് ഓഫിസിലെ രേഖകൾ വിജിലൻസ് സംഘം ശേഖരിച്ചു.
കഴിഞ്ഞ ഏപ്രിൽ 30നും വിജിലൻസ് ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി പാചകവാതക ഗോഡൗണിന്റെ രേഖകൾ പരിശോധിച്ചിരുന്നു. ഗോഡൗൺ കെട്ടിടത്തിന് അഗ്നിരക്ഷസേനയുടെ നിരാക്ഷേപപത്രമില്ലെന്നും ക്രമവിരുദ്ധമായാണ് ഗ്രാമമപഞ്ചായത്ത് കെട്ടിട നമ്പർ നൽകിയതെന്നുമാണ് പ്രധാന പരാതി.
അനധികൃത പാചകവാതക ഗോഡൗൺ അടച്ചുപൂട്ടണമെന്ന് 2020 ഫെബ്രുവരിയിൽ ആർ.ഡി.ഒ നിർദേശിച്ചെങ്കിലും ഉദ്യോഗസ്ഥർ ഉത്തരവ് അവഗണിച്ചു. ഗോഡൗൺ ജീവനും സ്വത്തിനും ഭീഷണിയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ ജില്ല കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത് ഒരാഴ്ച മുമ്പാണ്.
തിരുവമ്പാടി വില്ലേജിലെ റീസർവേ 78ൽ വയൽ മണ്ണിട്ടുനികത്തി നിർമിച്ച അനധികൃത കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിക്കുന്നതെന്ന് മൂന്നുവർഷം മുമ്പ് പരാതിയുയർന്നിരുന്നു. കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്, ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും പാചകവാതക ഗോഡൗണിന് സമീപം പ്രവർത്തിക്കുന്നുണ്ട്.
ഗോഡൗണിന് അനുമതി നൽകിയതിൽ വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമാകുന്നപക്ഷം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കുരുക്കിലാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.