തിരുവമ്പാടി: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ കേരള ടീമിൽ ഇടം നേടിയ പി.എൻ. നൗഫൽ തിരുവമ്പാടിയുടെ അഭിമാനം. ഗ്രാമത്തിന്റെ അസൗകര്യങ്ങൾക്കും പരിമിതികൾക്കുമിടയിലായിരുന്നു നൗഫൽ പന്ത് തട്ടി താരമായി വളർന്നത്. തിരുവമ്പാടി കോസ്മോസ് ക്ലബിനും ആഹ്ലാദവേളയാണിത്. കോസ്മോസ് ക്ലബിലെ 2009ലെ പരിശീലന ക്യാമ്പിലൂടെയാണ് നൗഫൽ മൈതാനത്ത് കാൽപന്ത് തട്ടി തുടങ്ങിയത്. എട്ടാം വയസ്സിൽ തിരുവമ്പാടി ഹൈസ്കൂൾ മൈതാനിയിൽ പരിശീലനം തുടങ്ങി.
ഏഴ് വർഷം കോസ്മോസ് ക്ലബിനായി പ്രാദേശിക ടൂർണമെന്റുകൾക്കായി മൈതാനത്തിറങ്ങി. കോസ്മോസ് ക്ലബിലെ കെ.എഫ്. ഫ്രാൻസിസായിരുന്നു ആദ്യ പരിശീലകൻ. മലയോരത്തെ പ്രാദേശിക ക്ലബിലൂടെ കളിച്ച് വളർന്ന താരം സന്തോഷ് ട്രോഫി കേരള ടീമിലെത്തിയതിൽ അഭിമാനമുണ്ടെന്ന് കോസ്മോസ് ക്ലബ് രക്ഷാധികാരി കെ. മുഹമ്മദാലി പറഞ്ഞു.
സബ് ജൂനിയർ ഇന്ത്യ ടീമിലെ താരമായിരുന്നു നൗഫൽ. കേരള പ്രീമിയർ ലീഗിൽ സെമിഫൈനലിലെത്തിയ ബാസ്കോ ഒതുക്കുങ്ങലിന്റെ മിഡ്ഫീൽഡറായിരുന്നു. ചേലേമ്പ്ര എൻ.എൻ .എം.എച്ച്.എസ്.എസിൽ പഠിക്കുമ്പോൾ സുബ്രതോ കപ്പിലും കളത്തിലിറങ്ങി. ഗോകുലം എഫ്.സിയുടെ ജൂനിയർ ടീമിലും കളിച്ചു. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല ടീമിലും പന്ത് തട്ടി. സന്തോഷ് ട്രോഫി ടീമിൽ ഇടം നേടാനായതിൽ സന്തോഷമുണ്ടെന്നു പി.എൻ. നൗഫൽ 'മാധ്യമ'ത്തോട് പറഞ്ഞു. തിരുവമ്പാടി പുത്തൻവീട്ടിൽ നൗഷാദ് - ജമീല ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.