തിരുവമ്പാടി: മലയോരത്തെ നടുക്കിയ പുല്ലൂരാംപാറ ഉരുൾപൊട്ടൽ ദുരന്തത്തിന് ചൊവ്വാഴ്ച 12 വർഷം പൂർത്തിയാകുന്നു. 2012 ആഗസ്റ്റ് ആറിനായിരുന്നു എട്ടുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറ കൊടക്കാട്ടുപാറയിലും ചെറുശ്ശേരിമലയിലും മഞ്ഞുവയൽ പൊട്ടൻകോട് മലയിലുമായിരുന്നു ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ. കൊടക്കാട്ടുപാറയിൽ വൈകീട്ട് അഞ്ചോടെയുണ്ടായ ഉരുൾപൊട്ടലിൻ നിരവധി വീടുകളും കൃഷിയിടങ്ങളും തകർന്നു. തുടർന്ന് ചെറുശ്ശേരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഈ കുടുംബത്തിൽ ശേഷിച്ച മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളും നഷ്ടപ്പെട്ട യുവാവിന് പിന്നീട് സർക്കാർ ജോലി നൽകി. ഉരുൾപൊട്ടലിനോടനുബന്ധിച്ചുണ്ടായ മലവെള്ളപ്പാച്ചിലിലാണ് പിതാവിനൊപ്പം തോട് മുറിച്ചുകടക്കവെ ഒമ്പത് വയസ്സുകാരി ഒഴുക്കിൽപ്പെട്ട് മരിച്ചത്. മഞ്ഞുവയൽ പൊട്ടൻകോട് മലയിൽ ഉരുൾ തകർത്ത വീട്ടിനകത്ത് കുടുങ്ങി രണ്ടുപേരാണ് മരിച്ചത്. പുല്ലൂരാംപാറ മാവിൻ ചുവടുഭാഗത്താണ് ഉരുൾപൊട്ടൽ വൻ നാശം വിതച്ചത്. ചെറുശ്ശേരി മലയിൽനിന്ന് ഒഴുകിയെത്തിയ മലവെള്ളം പുല്ലൂരാംപാറ-ആനക്കാംപൊയിൽ പൊതുമരാമത്ത് റോഡിന് കുറുകെ ഒഴുകി വീടുകൾ തകർത്താണ് ഇരുവഴി വഴിഞ്ഞിപ്പുഴയിൽ പതിച്ചത്. ഉൾപൊട്ടലിൽ 18 വീടുകൾ പൂർണമായും 40 ഓളം വീടുകൾ ഭാഗികമായും തകർന്നു. ഹെക്ടർ കണക്കിന് കൃഷിയിടം ഉപയോഗശൂന്യമായി മാറി.
ആനക്കാംപൊയിൽ സ്വകാര്യസ്ഥലത്ത് റവന്യൂ വകുപ്പ് നിർമിച്ച ദുരിതാശ്വാസ ക്യാമ്പിൽ 24 കുടുംബങ്ങൾ രണ്ടുവർഷത്തോളം താമസിച്ചു. പൂർണമായി വീട് തകർന്ന കുടുംബങ്ങൾക്ക് അരിപ്പാറയിൽ സർക്കാർ ഭൂമി നൽകി. സർക്കാർ നൽകിയ മൂന്നുലക്ഷം രൂപയുടെ ഭവന നിർമാണ പദ്ധതിയിൽ ഇരകൾതന്നെയാണ് വീട് നിർമിച്ചത്. വീടുകൾ ഭാഗികമായി തകർന്ന 11 കുടുംബങ്ങൾക്ക് താമരശ്ശേരി രൂപതയുടെ കീഴിലുള്ള സന്നദ്ധ സംഘടനയായ ഡി.ഒ.ഡി വീട് നിർമിച്ചുനൽകി. ഓരോ മഴക്കാലത്തും മലയോരം ഉരുൾപൊട്ടൽ ഭീതിയിലാണ് കഴിയുന്നത്. 2018 ൽ മുത്തപ്പൻ പുഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും ജീവഹാനിയില്ലാതെ രക്ഷപ്പെടുകയായിരുന്നു പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.