സുപ്രീംകോടതി കേസ്: സത്യവാങ്മൂലത്തിൽ സ്പെഷ്യൽ എജുക്കേറ്റർമാരുടെ സേവന കാലയളവ് കുറക്കാൻ നീക്കം

തിരുവമ്പാടി: സ്ഥിരം നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ സ്പെഷ്യൽ എജൂക്കേറ്റർമാരുടെ സേവന കാലയളവ് കുറച്ച് കാണിക്കാൻ നീക്കം. സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംഭവം. പൊതു വിദ്യാലയങ്ങളിലെ സ്പെഷ്യൽ എജുക്കേറ്റർന്മാരുടെ നിയമനം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നാല് ആഴ്ചക്കകം നൽകണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു . മാർച്ച് 12നാണ് സുപ്രിം കോടതി ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. ഏപ്രിൽ 16 ന് കേസ് വീണ്ടും പരിഗണിക്കും.

കൃത്യമല്ലാത്തതിനാൽ നേരത്തെ കേരളം നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി തള്ളുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 24 വർഷം വരെ നീണ്ട സേവന കാലാവധിയുള്ള സ്പെഷ്യൽ എജുക്കേറ്റർമാർ നിലവിൽ കരാറാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. സെക്കണ്ടറി സ്പെഷ്യൽ എജൂക്കേറ്റർമാരിൽ 2000ൽ ജോലിയിൽ പ്രവേശിച്ച് തുടരുന്നവരുണ്ട്.

റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി. ഐ ) യോഗ്യതയുള്ള എത്ര സ്പെഷ്യൽ എജുക്കേറ്റർമാർ കരാർ അടിസ്ഥാനത്തിൽ ഉണ്ട് , നിലവിലെ ശബളം, മൊത്തം സേവന കാലയളവ്, സ്ഥിരപ്പെടുത്താൻ സ്വീകരിച്ച നടപടി തുടങ്ങിയ ചോദ്യങ്ങൾക്കാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടത്. എന്നാൽ, സമഗ്ര ശിക്ഷ കേരള (എസ്.എസ് കെ )യുടെ സേവന കാലയളവ് സംബന്ധിച്ച വിവര ശേഖരണത്തിൽ യാതൊരു കൃത്യതയുമില്ലെന്ന് സ്പെഷ്യൽ എജൂക്കേറ്റർമാർ ചൂണ്ടികാട്ടി.

തുടക്കത്തിൽ ജില്ല പഞ്ചായത്ത് ആയിരുന്നു നിയമനം നടത്തിയിരുന്നത്. പിന്നീട് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡി.പി.ഐ യിലെ ഐ.ഇ.ഡി വിഭാഗം (2000 - 2008 ), ഐ. ഇ. ഡി എസ് എസ് (2009 - 2016) , ആർ. എം. എസ്.എ (2017 -18 ), എസ്. എസ്. കെ (2018 - 2024 ) എന്നിങ്ങനെ പദ്ധതികളിൽ സർവ്വീസ് ഉള്ളവരാണ് സ്പെഷൽ എജുക്കേറ്റർമാരിൽ പലരും. നിലവിൽ എസ്.എസ് കെ യിൽ നിന്ന് സർവ്വീസ് കാലയളവ് ചോദിച്ചിരിക്കുന്നത് ആർ.എം.എസ്.എ, എസ്.എസ് കെ കാലയളവ് മാത്രമാണ്. ഇത് കാരണം വർഷങ്ങളുടെ സർവ്വീസ് കാലയളവ് നഷ്ടമാകുമെന്ന് സ്പെഷ്യൽ എജുക്കേറ്റർമാർ പരാതിപ്പെട്ടു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർവ്വീസ് കാലയളവ് പൂർണമായി പരിഗണിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകണമെന്ന് സ്പെഷ്യൽ എജുക്കേറ്റർമാർ ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ നൽകിയ റിട്ട് ഹരജിയിൽ കേരളത്തിലെ 153 സ്പെഷ്യൽ എഡ്യൂക്കേറ്റർന്മാരാണ് ഇതുവരെ കക്ഷി ചേർന്നത്. അഡ്വ. വി. ചിദംബരേഷ് , അഡ്വ . ബിജു പി.രാമൻ എന്നിവരാണ് കേരളത്തിലെ സ്പെഷ്യൽ എജുക്കേറ്റർ ന്മാർക്കായി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.

Tags:    
News Summary - Supreme Court case: Move to reduce the service period of special educators in the affidavit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.