തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരക്കാട്ടുപുറം വാർഡിലെ മൂന്ന് ദലിത് കുടുംബങ്ങളുടെ അവകാശ നിഷേധത്തിന് അറുതിയാകുമോ? ആറു പതിറ്റാണ്ടായി തങ്ങളുടേതല്ലാത്ത കാരണത്താൽ ഇവരുടെ അവകാശം നിഷേധിക്കപ്പെടുകയാണ്.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനടുത്തായി 10 സെൻറ് വീതമുള്ള സ്ഥലത്ത് അപകടാവസ്ഥയിലുള്ള കൂരയിൽ കഴിയുന്നവരാണിവർ. കുനിയൻ പറമ്പത്ത് ഇടത്തിൽ സരോജിനി, കുനിയൻ പറമ്പത്ത് ഇടത്തിൽ ഗോപി, പരേതനായ കുനിയൻ പറമ്പത്ത് ഇടത്തിൽ ചെറിയ മാരൻ എന്നിവരുടെ കുടുംബങ്ങളാണ് 60 വർഷത്തോളമായി സർക്കാർ ആനുകൂല്യങ്ങൾക്ക് പുറത്തായിരിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയായ കുടിലിലാണ് കുനിയൻ പറമ്പത്ത് ഇടത്തിൽ സരോജിനി കഴിയുന്നത്. ഗോപിയുടെ കുടുംബവും ജീർണാവസ്ഥയിലായ വീട്ടിലാണ്. റേഷൻ കാർഡ്, ആധാർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ ഇവരുടെ കൈവശമുണ്ട്. ഭൂമിക്ക് കൈവശാവകാശ രേഖയില്ല.
ഇതുമൂലം സർക്കാറിന്റെ നാളിതുവരെയുള്ള എല്ലാ ഭവനനിർമാണ പദ്ധതികളിൽനിന്നും കുടുംബങ്ങൾ പുറത്തായി. സമീപത്തെ തുറയൻപിലാക്കൽ കുടുംബം വർഷങ്ങൾക്കുമുമ്പ് കുടികിടപ്പവകാശമായി നൽകിയതാണ് ഇവരുടെ ഭൂമി. ഈ കുടുംബങ്ങളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്ത് ലഭിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കും. കൃത്യമായി വോട്ട് ചെയ്യാറുള്ള ഈ ദലിത് കുടുംബങ്ങളുടെ പ്രശ്നം മരക്കാട്ടുപുറത്തെ രാഷ്ട്രീയ പ്രവർത്തകർക്ക് ഒരിക്കലും പ്രശ്ന വിഷയമായില്ലെന്ന് വിമർശനമുണ്ട്. കുടുംബങ്ങളുടെ അവകാശ നിഷേധം സംബന്ധിച്ച്, സാമൂഹിക പ്രവർത്തകൻ ആനടിയിൽ സൈതലവിയുടെ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രശ്നം പഠിച്ച് റിപ്പോർട്ട് നൽകാൻ ജില്ല കലക്ടറോടും പഞ്ചായത്ത് സെക്രട്ടറിയോടും കമീഷൻ ആവശ്യപ്പെട്ടു. മേയ് 24ന് നടക്കുന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ കേസ് പരിഗണിക്കുന്നുണ്ട്. കമീഷന്റെ ഇടപെടൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.