തിരുവമ്പാടി: രോഷാകുലനായ കാട്ടാനക്ക് മുഖാമുഖം വനപാലകരും നാട്ടുകാരും മാധ്യമപ്രവർത്തകരും. കാട്ടാനയെ മുത്തപ്പൻപുഴ തേൻപാറയിലെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയ ശേഷമുള്ള രംഗങ്ങൾ ഭീതിജനകമായി. കിണറ്റിലേക്ക് കുഴിച്ച കിടങ്ങ് വഴിയാണ് കാട്ടാന പതുക്കെ വെള്ളിയാഴ്ച രാത്രി 7.50ന് പുറത്തേക്കെത്തിയത്. ആന വിരണ്ടതോടെ വനപാലകർ പടക്കമെറിഞ്ഞു. വെളിച്ചത്തിനായി വനപാലകർ ഒരുക്കിയ വിളക്കു കാൽ ആന ഒടിച്ചു. ആളുകൾ കൂട്ടത്തോടെ ശബ്ദമുയർത്തിയതോടെ കാട്ടാന അൽപം തണുത്തു. വീണ്ടും ആളുകൾക്ക് നേരെ മുഖാമുഖമെത്തി. വനപാലകർ തുടർച്ചയായി പടക്കമെറിഞ്ഞതോടെ ആന കാട്ടിലേക്ക് മറഞ്ഞു.
കാട്ടിലേക്ക് പോകാതിരുന്നാൽ വനപാലകരുടേതുൾപ്പെടെ ജീവൻ അപകടത്തിലാകുമെന്ന മുന്നറിയിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരുന്നു. മുത്തപ്പൻപുഴ തേൻപാറയിൽനിന്ന് വനാതിർത്തിയോട് ചേർന്ന തൊണ്ണൂറിലാണ് കാട്ടാന ആൾമറയില്ലാത്ത കിണറ്റിൽ വീണത്. ഒന്നര കി.മീ. ചെങ്കുത്തായ മല കയറിയാണ് കാൽനടയായി രക്ഷാപ്രവർത്തകർ പ്രദേശത്ത് എത്തിയത്. ഏറെ ദുർഘടവും സാഹസികവുമായിരുന്നു ആനയെ കിണറ്റിൽനിന്ന് പുറത്തെത്തിക്കാനുള്ള പരിശ്രമം.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 13 മീറ്റർ താഴ്ചയുള്ള കിണറ്റിലേക്ക് നീളത്തിൽ കിടങ്ങ് കുഴിച്ചാണ് ആനക്ക് പുറത്തേക്ക് വഴിയൊരുക്കിയത്. ഡി.എഫ്.ഒ എം. രാജീവെൻറ നേതൃത്വത്തിൽ 50ഓളം പേരടങ്ങുന്ന വനപാലക സംഘം വിശ്രമമില്ലാതെയാണ് 12 മണിക്കൂർ രക്ഷാപ്രവർത്തനം നടത്തിയത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂരും മറ്റു ജനപ്രതിനിധികളും രാവിലെ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.