കോഴിക്കോട്: നഗര മധ്യത്തിലെ യു.കെ. ശങ്കുണ്ണി റോഡ് (യു.കെ.എസ് റോഡ്) രാത്രി സാമൂഹിക വിരുദ്ധരുടെയും മോഷ്ടാക്കളുടെയും താവളമാകുന്നു. മാവൂർ റോഡിൽനിന്ന് വയനാട് റോഡിലെ ജില്ല മൃഗാശുപത്രിക്കടുത്തേക്കും കുനിയിൽ കാവ് ഭാഗത്തേക്കുമെല്ലാം എളുപ്പം എത്താവുന്ന പാതയിൽ ഇരുട്ടായാൽ സ്ത്രീകളടക്കമുള്ളവർക്ക് വഴിനടക്കാൻ കഴിയാത്ത അവസ്ഥയാണ്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ രാത്രി എട്ടിനും ഒമ്പതിനുമെല്ലാം ഇവിടെയുള്ള ഹോസ്റ്റലുകളിലേക്ക് നടന്നുപോകുന്നത് വലിയ ഭയപ്പാടോടെയാണ്.
രാത്രിയാവുന്നതോടെ ഈ റോഡിനോട് ചേർന്നുള്ള കാടുമൂടിയ ഒഴിഞ്ഞ പറമ്പുകളാണ് സാമൂഹിക വിരുദ്ധർ ആദ്യം തമ്പടിക്കുന്നത്. അവിടെ കൂടിനിന്ന് മദ്യപിച്ച ശേഷമാണ് സംഘങ്ങൾ റോഡിലേക്കിറങ്ങുന്നത്. ഈ ഭാഗത്തെ പാണക്കാട് ഉറമറലി ശിഹാബ് തങ്ങൾ സ്മാരകത്തോട് ചേർന്നുള്ള നിർമാണം നിലച്ച കെട്ടിടമുള്ള സ്ഥലവും തൊട്ടപ്പുറത്ത് എതിർവശത്തുള്ള ഒഴിഞ്ഞ സ്ഥലവുമാണ് ഇത്തരക്കാരുടെ പ്രധാന വിഹാര കേന്ദ്രം. ഈ രണ്ട് സ്ഥലങ്ങളിലും ആൾ പൊക്കത്തിൽ കാടുമൂടിക്കിടക്കുന്നത് ഇത്തരക്കാർക്ക് അനുഗ്രഹമാവുകയാണ്.
മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ കേന്ദ്രീകരിക്കുന്ന സാമൂഹിക വിരുദ്ധർ രാത്രി മദ്യം വാങ്ങി യു.കെ.എസ് റോഡിലെത്തിയാണ് സേവിക്കുന്നത്. മദ്യക്കുപ്പികൾ റോഡിലടക്കം പൊട്ടിച്ചിടുന്നതും കാൽനടക്കാർക്ക് ഭീഷണിയാണ്. വൈകീട്ടോടെ അടക്കുന്ന ഇവിടത്തെ കടകളുടെ ഷീറ്റിനടിയിലെ വരാന്തകളും ഇത്തരം സംഘങ്ങൾ കൈയടക്കുകയാണ്. ഇവിടങ്ങളിൽ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഹെൽമറ്റ്, മഴക്കോട്ട്, കണ്ണടകൾ അടക്കമുള്ളവ മോഷ്ടിക്കുന്നതും പതിവായി. ഇരുട്ടിന്റെ മറവിൽ റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ചാക്കുകളിൽ കൊണ്ടുവന്ന് മാലിന്യം തള്ളാനും തുടങ്ങി.
അടുത്തിടെ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച പ്രതിയെ തേടി രാത്രി പൊലീസ് ഈ ഭാഗത്ത് വ്യാപക പരിശോധന നടത്തിയിരുന്നു. മോഷണ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ ലഭിച്ച പൊലീസ് ആളെ തിരിച്ചറിഞ്ഞതോടെ മൊബൈൽ ഫോൺ നമ്പർ കണ്ടെത്തി ടവർ ലൊക്കേഷൻ നോക്കിയപ്പോഴാണ് പ്രതി യു.കെ.എസ് റോഡിലുണ്ടെന്ന് വ്യക്തമായത്. മുമ്പ് ഈ ഭാഗത്തെ ഒരു സ്ഥാപനത്തിൽ മോഷണം നടന്നതിനെ തുടർന്ന് കേസെടുത്ത നടക്കാവ് പൊലീസ് സി.സി.ടി.വി പരിശോധിച്ചപ്പോൾ ലഭിച്ച ദൃശ്യത്തിൽ പൂർണ നഗ്നനായ മോഷ്ടാവിനെയാണ് കണ്ടത്. ഇയാളെ ഇതുവരെ അറസ്റ്റുചെയ്യാനുമായിട്ടില്ല.
നേരത്തെ കണ്ണൂർ സ്വദേശിയായ ട്രാൻസ് ജെൻഡർ കൊല്ലപ്പെട്ടതും യു.കെ.എസ് റോഡിലെ കെട്ടിടത്തിന് പിന്നിലായിരുന്നു. നിലവിൽ ട്രാൻസ് ജൻഡറുകളും രാത്രി ഇവിടം കേന്ദ്രീകരിക്കുന്നതിനാൽ ദൂരദിക്കുകളിൽ നിന്നടക്കമുള്ളവർ കാറുകളിലും മറ്റും ഇവിടെ എത്തുന്നതും പതിവായി. ഇത്തരക്കാരാണ് വഴിയാത്രക്കാരോട് അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നത്. നടക്കാവ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഈ ഭാഗത്ത് പൊലീസ് പട്രോളിങ് കുറഞ്ഞതോടെയാണ് സാമൂഹിക വിരുദ്ധർ താവളമാക്കാൻ തുടങ്ങിയതെന്നും പൊലീസ് പട്രോളിങ് തുടങ്ങണമെന്നുമാണ് ഈ മേഖലയിലെ സ്ഥാപനങ്ങളിലുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.