വടകര: തെങ്ങിൻതോപ്പുകൾ മണ്ണിട്ട് നികത്താൻ ജിയോളജി വകുപ്പിൽനിന്നും ലഭ്യമാക്കിയ അനുമതിയുടെ മറവിൽ തോടുകളും നീർച്ചാലുകളും നികത്തിയ സ്ഥലമുടമക്കെതിരെ നടപടി സ്വീകരിക്കാൻ വില്ലേജ് ഓഫിസർക്ക് തഹസിൽദാർ നിർദേശം നൽകി.
താലൂക്കിലെ മണിയൂർ വില്ലേജിൽ പോതിമുക്ക് അണിയലത്ത് താഴെ ഭാഗങ്ങളിൽ വ്യാപകമായി നഞ്ചഭൂമി തരംമാറ്റലും കള്ളിത്തോടുകളും നീർച്ചാലുകളും മണ്ണിട്ട് നികത്തലും നടക്കുന്നതായി പരാതി ലഭിച്ചതിന്റെയടിസ്ഥാനത്തിൽ വടകര ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ, മണിയൂർ വില്ലേജ് അസിസ്റ്റന്റ് ദേവദാസൻ എന്നിവർ നടത്തിയ പരിശോധനയിലാണ് നീർത്തടങ്ങളും തോടുകളും നികത്തിയതായി കണ്ടെത്തിയത്.
കാലവർഷത്തിൽ വെള്ളം കയറുന്ന പ്രദേശത്താണ് അനധികൃതമായി ഭൂമി നികത്തിയത്. കനത്ത മഴയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടാവുന്ന സ്ഥലത്താണ് നികത്തൽ നടന്നിരിക്കുന്നത്.
അനധികൃതമായി നഞ്ചഭൂമി തരംമാറ്റിയ ശേഷം ജിയോളജി ഓഫിസിൽനിന്നും പാസ് വാങ്ങി നിയമാനുസൃതമെടുക്കുന്ന മണ്ണ് തെങ്ങിൻതോപ്പിൽ നിക്ഷേപിക്കുന്നുവെന്ന വ്യാജേനയാണ് ആണിച്ചാലുകളും തോടുകളും നികത്തിയത്.
തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനായി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി തഹസിൽദാർ മണിയൂർ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. ജിയോളജി വകുപ്പ് പാസ് അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചതായി കണ്ടെത്തിയതിനാൽ അനുമതി റദ്ദ് ചെയ്യുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.