വടകര: ആർ.എം.എസ് ഓഫിസുകൾ അടച്ചുപൂട്ടാനുള്ള നീക്കം പോസ്റ്റൽ വകുപ്പ് പുനഃപരിശോധിക്കുന്നു. വടകര, തലശ്ശേരി ആർ.എം.എസ് ഓഫിസുകളാണ് ഡിസംബർ ഏഴു മുതൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ചത്. ഓഫിസുകളുടെ പ്രവർത്തനം നിലക്കുന്നതോടെ തപാൽ ഉരുപ്പടികളുടെ സുഗമമായ നീക്കത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ഓഫിസുകൾ അടച്ചുപൂട്ടാനുളള പോസ്റ്റൽ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രിക്ക് അടിയന്തര സന്ദേശം നൽകിയിരുന്നു. ആർ.എം.എസ് ഓഫിസുകളുടെ പദവിയുയർത്തി ഇന്റർ സർക്കിൾ ഹബുകളാക്കാൻ (ഐ.സി.എച്ച്) എം.പി ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് വിശദ റിപ്പോർട്ട് ഡിസംബർ ഒമ്പതിനകം നൽകാൻ മന്ത്രാലയം കേരള സർക്കിൾ അധികാരികളോട് ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി വടകര, മാഹി, പേരാമ്പ്ര മേഖലകളിലെ തപാൽനീക്കം നടക്കുന്നത് വടകര ആർ.എം.എസ് ഓഫിസ് മുഖാന്തരമാണ്.
ഓഫിസ് മാറ്റിയാൽ തപാൽ ഉരുപ്പടികളുടെ കൈമാറ്റത്തെ കാര്യമായി ബാധിക്കും. ഒരുകോടിയോളം രൂപ തപാൽവകുപ്പ് സ്ഥലത്തിന്റെ വാടകയിനത്തിൽ റെയിൽവേക്ക് നൽകാനുണ്ട്.
ഇത് ചൂണ്ടിക്കാട്ടിയും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ പേര് പറഞ്ഞും ആർ.എം.എസ് ഓഫിസിനെ കുടിയിറക്കാൻ അണിയറയിൽ നീക്കം ശക്തമാണ്. വടകര ആർ.എം.എസും തലശ്ശേരി സോർട്ടിങ് ഓഫിസും അടച്ചുപൂട്ടാൻ ഉത്തരവിട്ടു കൊണ്ട് പോസ്റ്റൽ സർവിസ് ഡയറക്ടർ ഒക്ടോബർ 17 നാണ് ഉത്തരവിറക്കിയത്.
ഉത്തരവ് പ്രകാരം വടകര ആർ.എം.എസും തലശേരി സോർട്ടിങ് ഓഫിസും യഥാക്രമം കോഴിക്കോട് ആർ.എം.എസിലും കണ്ണൂർ ആർ.എം.എസിലും ലയിപ്പിക്കണം.
ആർ. എം.എസ് ഓഫിസ് കുടിയിറക്കിനെതിരെ ജനകീയ വികാരം ശക്തമായി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര പോസ്റ്റൽ മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.