വടകര: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന മാഹി റെയിൽവേ സ്റ്റേഷൻ പ്രവൃത്തി പുരോഗമിക്കുന്നു. അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ റെയിൽവേ സ്റ്റേഷൻ അവഗണനയിലായിരുന്നു.
മുറവിളികൾക്കൊടുവിലാണ് റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഫണ്ടനുവദിച്ചത്. 19 കോടി രൂപ ചെലവിലാണ് റെയിൽവേ സ്റ്റേഷൻ വിപുലീകരണം നടക്കുന്നത്. പ്രവേശന കവാടം ഉൾപ്പെടെയുള്ള ഭാഗത്തെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറും.
വടകര, തലശ്ശേരി സ്റ്റേഷനുകൾക്കൊപ്പമാണ് മാഹി സ്റ്റേഷന്റെ പ്രവൃത്തിയും നടക്കുന്നത്. പുതുച്ചേരി എന്ന പരിഗണനയിലാണ് മാഹിയെ ഇത്തവണ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അതേസമയം, കൊയിലാണ്ടി സ്റ്റേഷനെ കൂടി വികസന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരൻ എം.പി റെയിൽവേ അധികൃതരിൽ സമ്മർദം ചെലുത്തിയിട്ടുണ്ട്. രണ്ട് റെയിൽവേ സ്റ്റേഷനുകളുള്ള അപൂർവം പഞ്ചായത്തുകളിലൊന്നാണ് അഴിയൂർ. മുക്കാളി റെയിൽവേ സ്റ്റേഷൻ അഴിയൂരിലാണ്. എന്നാൽ, വികസനം എത്തിനോക്കാത്ത അവസ്ഥയിലാണ് സ്റ്റേഷനുള്ളത്.
മാഹി റെയിൽവേ സ്റ്റേഷൻ വികസനം യാഥാർഥ്യമാകുന്നതോടെ വരുമാനത്തിൽ ഗണ്യ മായ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്ണൂർ-കോഴിക്കോട് ജില്ലകൾ അതിർത്തിപങ്കിടുന്ന പ്രദേശമായതിനാൽ ഇരു ജില്ലകളിൽ നിന്നുമുള്ള യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണ് മാഹി. ചില ദീർഘദൂര ട്രെയിനുകൾക്ക് മാഹിയിൽ സ്റ്റോപ്പുണ്ടെന്ന പ്രത്യേകതയുമുണ്ട്. സൗകര്യങ്ങളുടെ അപര്യാപ്തത യാത്രക്കാരെ പലപ്പോഴും പിന്നോട്ടടിപ്പിക്കുന്ന അവസ്ഥയായിരുന്നു. ആധുനികവത്കരണം പൂർത്തിയാകുന്നതോടെ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.