വടകര: അഴിയൂരിൽ വിദ്യാർഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ അന്വേഷണം പോക്സോ കേസ് കേന്ദ്രീകരിച്ച്. ലഹരി കടത്താൻ തന്നെ ഉപയോഗിച്ചെന്ന കുട്ടിയുടെ മൊഴി പൊലീസ് അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തം. ലഹരി നൽകി വശത്താക്കി ലഹരിക്കടത്തിന് ഉപയോഗിച്ചെന്നായിരുന്നു 13കാരിയുടെ വെളിപ്പെടുത്തലും മൊഴിയും.
എന്നാൽ, ചോമ്പാല പൊലീസ് സംഭവത്തെ നിസ്സാരവത്കരിക്കുകയും കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയക്കുകയുമാണുണ്ടായത്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ ഇടപെടൽ ഇതിന് പിന്നിലുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
പോക്സോ കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് റൂറൽ ജില്ല പൊലീസ് മേധാവി ആർ. കറുപ്പ സ്വാമി പറഞ്ഞു. സംഭവവുമായി ബന്ധിപ്പിക്കാൻ ഒരു തെളിവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ സമഗ്ര അന്വേഷണം നടക്കുകയാണ്. കുട്ടി ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷണസംഘം പരിശോധിക്കുന്നതെന്നും എസ്.പി കൂട്ടിച്ചേർത്തു. അതേസമയം, സാഹചര്യ തെളിവുകൾ പരിശോധിക്കാതെ കുട്ടിയുടെ മൊഴി തള്ളിയത് കുറ്റാരോപിതനെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്.
ലഹരിസംഘം ഉപയോഗപ്പെടുത്തിയെന്ന് മൊഴി നൽകിയിട്ടും യുവാവ് കൈക്ക് കടന്നുപിടിച്ചു എന്ന തരത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയാണുണ്ടായതെന്ന്, കുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തുമ്പോൾ സന്നിഹിതരായവർ വെളിപ്പെടുത്തി. കുട്ടി ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസും എക്സൈസും നൽകുന്ന സൂചന. എന്നാൽ, ഇത് മൊഴിയിൽ കൂട്ടിച്ചേർക്കാത്തതിൽ ദുരൂഹതയുണ്ട്.
ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിന്റ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ പൊലീസിന് കഴിയാത്തത് വിമർശനത്തിനിടയാക്കി. കണ്ണൂർ റേഞ്ച് ഡി.ഐ.ജി. രാഹുൽ ആർ. നായർ വ്യാഴാഴ്ച ചോമ്പാൽ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ആരാഞ്ഞു. വടകര ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കുട്ടിയുടെ സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നും അന്വേഷണ സംഘം മൊഴി എടുത്തിട്ടുണ്ട്.
കോഴിക്കോട്: എട്ടാംക്ലാസ് വിദ്യാർഥിനിയെ ലഹരിമരുന്നു നൽകി, കാരിയറാക്കിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് വിട്ടയച്ചതിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കേസ് ഡിസംബർ 27ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.