വടകര: കലിതുള്ളുന്ന കടലും കനത്ത മഴയുംമൂലം ജനജീവിതം താളംതെറ്റി. വെള്ളം കയറി കനത്ത നാശം. ന്യൂനമർദം കടൽ കടന്ന് കനത്ത മഴയായി പെയ്തിറങ്ങിയതോടെ വീടുകളിലും കടകളിലും വെള്ളം കയറിയും കടൽ കരയെടുത്തുമാണ് നാശനഷ്ടമുണ്ടായത്. വടകര പുതിയ സ്റ്റാൻഡിനടുത്ത് 200ലധികം കടകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. കടകൾ അടഞ്ഞുകിടക്കുന്നതിനാൽ നാശനഷ്ടം തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ബസ് സ്റ്റാൻഡിലും ദേശീയപാതയോട് ചേർന്ന കടകളിലും വെള്ളം കയറി. ബസ് സ്റ്റാൻഡ് പുഴക്ക് സമാനമായ അവസ്ഥയിലായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ശക്തമായ മഴ അഗ്നിശമന സേനക്ക് തടസ്സമായി. ശ്രീമണി ബിൽഡിങ്ങിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ വെള്ളക്കെട്ടിലായി. വ്യാപാര സ്ഥാപനങ്ങൾക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. അഴിയൂർ 15ാം വാർഡിൽ 20 മീറ്ററോളം വരുന്ന കടലോര റോഡ് തിരമാലകൾ വിഴുങ്ങി. ഈ ഭാഗങ്ങളിൽ കടൽഭിത്തിയടക്കം കടലെടുത്തു.
കഴിഞ്ഞ ദിവസം 10 തോണികൾ തകർന്ന പതിമൂന്നാം വാർഡിലെ സ്നേഹതീരം ബീച്ചിൽ ശനിയാഴ്ച മുപ്പതോളം തോണികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കരയിലേക്ക് എടുത്തുമാറ്റി. കടൽ പ്രക്ഷുബ്ധമായതോടൊപ്പം തിമിർത്തുപെയ്യുന്ന മഴയിൽ തീരദേശ ടൗണുകൾ വെള്ളത്തിനടിയിലായി. വടകര താഴെ അങ്ങാടി വലിയ വളപ്പ് ജുമുഅത്ത് പള്ളി, കോതിബസാർ എന്നിവിടങ്ങളിൽ കനത്ത മഴയിൽ വെള്ളം കടകളിൽ കയറി. ഓവുചാലുകളിൽനിന്ന് മണ്ണ് നീക്കി ശുചീകരിക്കാത്തതാണ് ഇവിടങ്ങളിൽ വെള്ളം കയറാനിടയാക്കിയത്. കൊയിലാണ്ടി വളപ്പ്, പാണ്ടികശാല വളപ്പ്, ചോറോട്, കുരിയാടി, പള്ളിത്താഴ, മീത്തലങ്ങാടി ഭാഗങ്ങളിൽ രൂക്ഷമായ കടൽക്ഷോഭമാണ് ഉണ്ടായത്. പാണ്ടികശാല വളപ്പിൽ നിരവധി വീടുകളിൽ വെള്ളം കയറി സിറാജ്, സഫ്നാസ് എന്നിവരുടെ വീടുകളിൽ സാധനസാമഗ്രികൾ നശിച്ചു. കടലോരത്തെ വൈദ്യുതിത്തൂണുകൾ അപകടാവസ്ഥയിലാണ്. പല കടകളുടെയും മുക്കാൽ ഭാഗം വരെ വെള്ളം കയറി. ഏറാമലയിൽ മണ്ണിടിഞ്ഞ് റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. മണ്ണിടിഞ്ഞതോടെ തെങ്ങുകൾ അപകടഭീഷണിയിലായി.
നാദാപുരം: കനത്ത മഴയിൽ റോഡിൽ വെള്ളം കയറി. പല സ്ഥലത്തും വെള്ളക്കെട്ടിൽ കുടുങ്ങി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. നാദാപുരം ടൗണിൽ മത്സ്യമാർക്കറ്റ് പരിസരത്ത് പച്ചക്കറി കടയിലും പലചരക്ക് കടയിലും വെള്ളം കയറി. സമീപത്തെ ഓവുചാൽ അടഞ്ഞുകിടന്നതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. വാർഡ് മെംബർ കണേക്കൽ അബ്ബാസിെൻറ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ഓവുചാലിലെ അടഞ്ഞ ഭാഗങ്ങൾ വൃത്തിയാക്കി. കക്കംവെള്ളി ദേവര ഹോട്ടലിന് സമീപം റോഡിലെ വെള്ളക്കെട്ടിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.
അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പുളിക്കൂലിൽ തോട്ടിലെ വെള്ളം കൂടി സമീപത്തെ മൂവ്വാഞ്ചേരി കുഞ്ഞേറ്റിയുടെ വീട്ടിൽ വെള്ളം കയറി. വില്യാപ്പള്ളി റോഡിൽ കുമ്മങ്കോട് റേഷൻ കടയുടെ മുന്നിലും ഈസ്റ്റ് എൽ.പി സ്കൂളിന് സമീപത്തും വെള്ളം കയറി. പുറമേരി കുനിങ്ങാട് റോഡിലും വെള്ളം കയറി.
ആയഞ്ചേരി: ശനിയാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വില്യാപ്പള്ളി, ആയഞ്ചേരി ടൗണുകളിൽ വെള്ളം കയറി. അനേകം കടകളിൽ വെള്ളം കയറിയിട്ടുണ്ട്. ലോക്ഡൗൺ കാരണം അടച്ചിട്ട കടകളിലും വെള്ളം കയറിയതിനാൽ നാശനഷ്ടം കണക്കാക്കിയിട്ടില്ല. കടമേരി ചരുവത്ത് നട, തറോപ്പൊയിൽ, പന്തപ്പൊയിൽ, തിരുവള്ളൂർ എന്നിവിടങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
നാദാപുരം: പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ വിഷ്ണുമംഗലം ബണ്ടിെൻറ ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിട്ടു. ബണ്ടിെൻറ അടിവശത്തെ വാൽവുകൾ അടഞ്ഞുകിടക്കുകയാണ്.
വാൽവ് തുറക്കാതെ പുഴയിൽ വെള്ളം നിറഞ്ഞാൽ വർഷകാലത്ത് പരിസരത്ത് വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാകുമെന്ന് പുഴ സംരക്ഷണ വേദി പ്രവർത്തകർ പറഞ്ഞു. ബണ്ടിന് മുകൾഭാഗത്ത് ചെറുമോത്ത് ഭാഗങ്ങളിലും ജാതിയേരിയിലും റോഡിൽ വെള്ളം കയറി.
നാദാപുരം: കുമ്മങ്കോട്ട് വടക്കയിൽ ഫാത്തിമയുടെ വീടിെൻറ മതിൽ മഴയിൽ തകർന്നു. പുതുതായി പണിത ചെങ്കൽ മതിൽ ശനിയാഴ്ച ഉച്ചയോടെ തകർന്നുവീഴുകയായിരുന്നു. നാദാപുരം സി.സി യു.പി സ്കൂളിനോട് ചേർന്ന മതിൽ മഴയിൽ തകർന്നു. ഉമ്മത്തൂരിൽ തയ്യുള്ളതിൽ കുമാരെൻറ വീടിെൻറ മതിലും പാറക്കടവ് കടവത്തൂർ റോഡിലെ തയ്യുള്ളതിൽ അനിൽ കുമാറിെൻറ വീടിെൻറ മതിലും മഴയിൽ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.