വടകര: വീട് കുത്തിത്തുറന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ പുതുക്കാട് കോളനിയിൽ കുട്ടി വിജയനെ (45) വടകര എസ്.ഐ കെ.എം. രവിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
കോട്ടക്കടവ് ഗേറ്റിന് സമീപത്തെ വീട്ടിൽനിന്നും മാർച്ച് നാലിന് വീടിന്റെ മുൻഭാഗത്തെ ഗ്രില്ലും വാതിലും തകർത്ത് മൂന്ന് പവൻ സ്വർണവും 50,000 രൂപയും മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പൈങ്ങോട്ട് റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരുകയായിരുന്ന പ്രതിയെ വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളിലുള്ള പത്തോളം മോഷണ കേസുകളിൽ പ്രതിയാണ്. മഞ്ചേശ്വരം, ചേവായൂർ, കുന്ദമംഗലം, കമ്പളക്കാട്, തൃശൂർ, അമ്പലവയൽ, കൽപറ്റ പൊലീസ് സ്റ്റേഷൻ പരിധികളിലെ മോഷണക്കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. കൽപറ്റ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് മോഷണക്കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.
ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡിലെ എസ്.ഐ രാജീവൻ, സിവിൽ പൊലീസ് ഓഫിസർമാരായ വി.വി. ഷാജി, ബിനീഷ് എന്നിവരും കുട്ടി വിജയനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.