വടകര: അഴിയൂർ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. അമിത വേഗതയിലെത്തിയ ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു.
തൃശൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും തലശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഋതിക ബസുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസുകളുടെ മുൻഭാഗം തകർന്നു. സംഭവത്തിൽ ബസിൽനിന്ന് പരിക്കേറ്റവരുടെ കൂട്ടക്കരച്ചിലുയർന്നതോടെ ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ബസിൽനിന്ന് ആളുകളെ പുറത്തിറക്കി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചോമ്പാല പൊലീസും വടകരയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിൽ സജീവമായി. കെ.എസ്.ആർ.ടി.സി ബസിന്റെ സ്റ്റിയറിങ്ങിനും സീറ്റിനുമിടയിൽ കുടുങ്ങിയെ ഡ്രൈവറെ ഏറെ പ്രയാസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവർ മാഹി ഗവ. ആശുപത്രി -7, വടകര ഗവ. ജില്ല ആശുപത്രി- 9, സഹകരണ ആശുപത്രി-2, ആശ- 1, പാർക്കോ- 8, സി.എം-3.
സാരമായി പരിക്കേറ്റ് വടകര സി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ സ്വദേശി ശോഭനയെ (55) പിന്നീട് കണ്ണൂർ ബേബി ഹോസ്പിറ്റലിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സീറ്റിന് മുൻവശത്തെ കമ്പിയിലിടിച്ചാണ് മിക്കവർക്കും പരിക്കേറ്റത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പൊലീസും അഗ്നിരക്ഷാസേനയും ബസ് സ്ഥലത്ത് നിന്നും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മരണപ്പാച്ചിലിൽ കുരുതിക്കളമായി റോഡ്
വടകര: വാഹനങ്ങളുടെ മരണപ്പാച്ചിലിൽ റോഡ് കുരുതിക്കളമാവുന്നു. അഴിയൂരിൽ ശനിയാഴ്ച അതിരാവിലെ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്കാണ് പരിക്കേറ്റത്. അതിരാവിലെ ജോലിസ്ഥലത്തേക്കും മറ്റും പോകുന്നവരാണ് പരിക്കേറ്റവരിലേറെയും.
ഒരാൾക്ക് സാരമായി പരിക്കേറ്റു. പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ദേശീയപാതയിൽ ചെറുതും വലുതുമായ അപകടങ്ങൾ നിത്യസംഭവമായി മാറിയിട്ടുണ്ട്. സമയക്രമം പാലിക്കാനുള്ള മരണപ്പാച്ചിലിൽ വാഹനങ്ങളെ മറികടക്കാനുള്ള ശ്രമമാണ് പലപ്പോഴും അപകടത്തിൽ ചെന്നെത്തിക്കുന്നത്. ദേശീയപാതയിൽ പണി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുരുക്കിൽപെടുന്ന ബസുകൾ പലപ്പോഴും മനുഷ്യജീവന് വിലകൽപിക്കാതെ മരണപ്പാച്ചിലാണ്.
വെള്ളിയാഴ്ച രാത്രി ഓർക്കാട്ടേരി സംസ്ഥാനപാതയിൽ വാഹനാപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞിരുന്നു. ഇവിടെയും വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്. എ.ഐ കാമറക്ക് ഏതാനും മീറ്ററുകൾക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിന്റെ ചൂടാറും മുമ്പാണ് ദേശീയപാതയിൽ വീണ്ടും അപകടമുണ്ടായത്. ജെ.ടി റോഡിൽ വെള്ളിയാഴ്ച രാവിലെ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് കേബിൾ പോസ്റ്റിലിടിച്ചിരുന്നു. രാവിലെ എട്ടിനായിരുന്നു സംഭവം. നാദാപുരം ഭാഗത്തുനിന്നും വടകരയിലേക്ക് വരുന്ന ബസാണ് അപകടത്തിൽപെട്ടത്. മറ്റൊരു ബസിനെ മറികടക്കുന്നതിനിടയിൽ റോഡിൽനിന്ന് തെന്നി എതിർവശത്തെ ജിയോ ഫൈബർ കേബിൾ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബസുകളുടെ മരണപ്പാച്ചിലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.