വടകര: സിമന്റ് പാത്ര നിർമാണത്തിൽ പേരുകേട്ട വടകര പാക്കയിൽ സിമന്റ് പാത്ര നിർമാണ യൂനിറ്റുകൾ നിലനിൽപിനായി പൊരുതുന്നു. ഈ ഭാഗത്തെ നൂറുകണക്കിനാളുകളുടെ പരമ്പരാഗത തൊഴിലെന്ന രീതിയിലാണ് പാക്കയിൽ സിമന്റ് പാത്രങ്ങൾ നിർമിച്ച് വിപണനം നടത്തി വരുന്നത്. പ്ലാസ്റ്റിക് ടാങ്കുകളുടെ കടന്നുവരവോടെ സിമന്റ് പാത്രങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു. കുടിൽ വ്യവസായമായിരുന്ന പാത്രനിർമാണം പ്രതിസന്ധിയിലായതോടെ പുതിയ മുഖവുമായി പാക്കയിൽ വാസികൾ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്.
ഈ ഉത്സവകാലത്തും നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. ശിൽപ നിർമാണ രംഗത്തുനിന്ന് ഉപജീവന മാർഗമെന്ന നിലയിൽ സിമന്റ് പാത്ര നിർമാണമേഖലയിലേക്ക് കടന്നുവന്നവരാണ് പാക്കയിൽ നിവാസികളുടെ പിന്മുറക്കാർ. ഗതാഗത സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടിയ പ്രദേശത്തുകാർക്ക് പുറംലോകത്ത് എത്താൻ റോഡ് നിർമിക്കാൻ റെയിൽവേയുടെ കൈവശ ഭൂമി പണം കൊടുത്ത് വാങ്ങിയ പഴയ ചരിത്രവും ഇവർക്കുണ്ട്. കുറ്റ്യാടി പുഴയുടെ അഴിമുഖത്താൽ ചുറ്റപ്പെട്ട പ്രദേശം ഒരു കാലത്ത് മണൽ ലഭ്യതയിൽ മുന്നിലായിരുന്നു. പുഴയും കടലും ഒത്തുചേരുന്ന ഭാഗത്തെ മണലായിരുന്നു പാത്രനിർമാണത്തിന് ഉപയോഗിച്ചിരുന്നത്. പ്രകൃതിദത്ത മണലിെന്റ ലഭ്യതയായിരുന്നു കുടിൽ വ്യവസായമെന്ന നിലയിൽ പാക്കയിൽ സിമന്റ് പാത്ര നിർമാണം തഴച്ചുവളരാൻ ഇടയാക്കിയത്.
സംസ്ഥാനത്തിന് പുറത്തേക്കടക്കം പാക്കയിൽ സിമന്റ് പാത്രങ്ങൾക്ക് ഒരു കാലത്ത് ആവശ്യക്കാർ ഏറെയായിരുന്നു. സിമന്റ് പാത്രങ്ങൾക്കൊപ്പം കിണർ റിങ്, ചെടിച്ചട്ടി, കക്കൂസ് തുടങ്ങിയവയായിരുന്നു പാക്കയിൽനിന്ന് നിർമിച്ചിരുന്നത്. ഇന്ന് സിമന്റ് പാത്രങ്ങൾക്കും മറ്റും പഴയപോലെ ആവശ്യക്കാരില്ലാതെ വിപണിയിൽ നിന്ന് മാഞ്ഞുതുടങ്ങി. പഴമയിൽനിന്ന് പുതുമയിലേക്കുള്ള ചുവടുവെപ്പായി വിപണി വീണ്ടെടുക്കാൻ ശുചിത്വ മിഷെന്റ സഹായത്തോടെ റിങ് കമ്പോസ്റ്റ്, വെയ്സ്റ്റ് ടാങ്ക് (സോക്ക് പിറ്റ്) നിർമാണ രംഗത്ത് സജീവമായിരിക്കുകയാണ് പ്രദേശവാസികളിപ്പോൾ. വീടുകൾ കേന്ദ്രീകരിച്ചാണ് ഇവിടെ സിമന്റ് ഉൽപന്ന നിർമാണം പ്രധാനമായും നടക്കുന്നത്.
ആദ്യകാലത്ത് 150 ലധികം കുടുംബങ്ങൾ നിർമാണ മേഖലയിൽ സജീവമായിരുന്നു. ഇന്ന് 70 കുടുംബങ്ങളാണ് രംഗത്തുള്ളത്. 2009 ൽ സ്ഥാപിതമായ പാക്കയിൽ സിമന്റ് ക്രാഫ്റ്റ് വർക്കേഴ്സ് (വർക്ക്ഷോപ്പ് ) ഇൻഡസ്ട്രിയൽ കോ. സൊസൈറ്റി വഴിയാണ് ശുചിത്വ മിഷന് റിങ് കമ്പോസ്റ്റ്, വേസ്റ്റ് ടാങ്ക് (സോക്ക് പിറ്റ്) കൈമാറുന്നത്. സൊസൈറ്റി സ്ഥാപിതമായതോടെയാണ് വിപണനത്തിന് വഴിതുറന്നത്. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റിപ്പോകുന്നുണ്ടെങ്കിലും ചെറുകിട വ്യവസായമെന്ന രീതിയിൽ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിപണ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കാൻ വ്യവസായ വകുപ്പ് നടപടികൾ സ്വീകരിക്കാത്തതാണ് മേഖലയെ തളർത്തുന്നത്. യൂനിറ്റുകൾക്ക് സബ്സിഡിയും ധനസഹായവും നൽകാൻ സർക്കാർ തയാറായാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മേഖലയെ നിലനിർത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.