വടകര: തിരുഞ്ഞുനോക്കാനാളില്ലാത്ത തീര്‍ത്തും അനാഥാവസ്ഥയിലാണ് ചോറോട് ചേന്ദമംഗലത്തെ ഓട്ടു കമ്പനി. കെട്ടിടവും പടുകൂറ്റന്‍ പുകക്കുഴലും അപകടാവസ്ഥയിലാണിപ്പോൾ. കെട്ടിടത്തിെൻറ ഭാഗങ്ങൾ കാലപ്പഴക്കത്താൽ തകർന്നുവീഴുന്ന സ്ഥിതിയാണ്. പുകക്കുഴലിെൻറ ഇഷ്ടികകള്‍ പലയിടത്തായി പൊട്ടി വീഴുകയാണ്. പരിസരത്തെ വീടുകള്‍ക്കും മറ്റും ഇത് ഭീഷണിയാവുന്നുണ്ട്. കളിക്കളമായി മാറിയ പരിസരത്ത് കളിക്കാനെത്തുന്നവർക്കും അപകടം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇതിെൻറ അടിഭാഗത്ത് ഓടും ഇഷ്ടികയുമുണ്ടാക്കുന്ന ചൂളകളും സൂക്ഷിക്കുന്ന മുറികളുമാണുള്ളത്. ഇരുളിെൻറ മറവില്‍ സാമൂഹിക വിരുദ്ധർ മുറികളിൽ താവളമടിക്കുന്നുണ്ട്.
41 വര്‍ഷം മുമ്പാണ് ഖാദി ബോര്‍ഡ് ചേന്ദമംഗലത്ത് ഓട്ടുകമ്പനി ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 18വര്‍ഷം മുമ്പ് പൂട്ടുകയും ചെയ്തു. 1980ല്‍ 250ല്‍പരം പേരില്‍നിന്ന് ഓഹരിയായി സമാഹരിച്ച 20ലക്ഷം രൂപ ചെലവിട്ടാണ് തുടക്കം. ഏറെ പ്രതീക്ഷ നല്കിയ സ്ഥാപനം നടത്തിപ്പിലെ പിടിപ്പുകേട് കൊണ്ടാണ് പിന്നീട് നഷ്ടത്തിലായതെന്ന് പറയുന്നു. ഇതോടെയാണ് അടച്ചുപൂട്ടിയത്. ഇതിനിടെ, പലപ്പോഴായി കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ഇതോടെ, കമ്പനിയിലെ 40 തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വഴിയാധാരമായി. കമ്പനി ലേലംചെയ്ത് നഷ്ടം നികത്താനുള്ള ശ്രമങ്ങളും നടന്നു. സാങ്കേതിക തടസ്സങ്ങള്‍ കാരണം ഈ നീക്കം എങ്ങുെമത്തിയില്ല. കെട്ടിടത്തിെൻറ മറ്റുഭാഗത്തുള്ള മേല്‍ക്കൂരയും ഓടുകളും ചുവരുകളും പൂര്‍ണമായും തകര്‍ച്ചയിലാണ്. കാടുമൂടിയ ഭാഗത്ത് നായ്ക്കളും കുറുക്കന്മാരും പാമ്പുകളും മറ്റ് ഇഴ ജന്തുക്കളും വിഹരിക്കുകയാണ്. ഒന്നര ഏക്കറിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. ഇതിെൻറ കുറച്ചുഭാഗം വിറ്റ് ഓഹരി ഉടമകളുടെ നഷ്ടം നികത്തണമെന്ന് ഡയറക്ടര്‍മാരിൽ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു കോടിയിലേറെ ചെലവഴിച്ചാല്‍ മാത്രമേ കമ്പനി പൂര്‍ണമായി പുനരുജ്ജീവിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തില്‍ കെട്ടിടത്തിെൻറ അനാഥാവസ്ഥ മാറ്റി ജനോപകാരപ്രദമായി ഉപയോഗിക്കണമെന്നാണ് പൊതുവായ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.