വടകര: ചോമ്പാല മത്സ്യബന്ധന തുറമുഖത്തിന്റ വികസനത്തിന് നടപടികളായില്ല. മലബാറിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ ചോമ്പാല തുറമുഖത്തിന്റ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ, സർക്കാറിന്റ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടാവുന്നില്ല.
പുലിമുട്ടിന് ആഴം കൂട്ടണമെന്ന ആവശ്യം കടലാസിൽ ഒതുങ്ങുകയാണ്. ഡ്രഡ്ജിങ് ഗുണകരമല്ലാത്ത രീതിയിൽ നടത്തിയതിനാൽ ചളിനിറഞ്ഞ് മത്സ്യബന്ധന യാനങ്ങൾ കരക്കടുപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ്. വേലിയേറ്റ സമയങ്ങളിൽ വള്ളങ്ങൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
തുറമുഖത്തെ മലിനജലമൊഴുക്കിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതിനാൽ ഹാർബർ വൃത്തിഹീനമാണ്. ലേലപ്പുരയിൽ മത്സ്യ ലേലത്തിന് ആവശ്യമായ സൗകര്യമില്ലാത്തതിനാൽ തീരത്തുനിന്ന് തന്നെയാണ് ലേലം നടക്കുന്നത്. ദിനം പ്രതി ലക്ഷങ്ങളുടെ മത്സ്യ ഇറക്കുമതിയും കയറ്റുമതിയും നടക്കുന്ന തുറമുഖമാണ് അവഗണിക്കപ്പെടുന്നത്.
തീരത്തോടുചേർന്ന് അലക്ഷ്യമായി നിർത്തിയിട്ടിരിക്കുന്ന പഴകിയ വള്ളങ്ങൾ നീക്കം ചെയ്യാൻ നടപടികളുണ്ടായിട്ടില്ല. ശുചിമുറിയുടെ അഭാവം തൊഴിലാളികളെ വലക്കുന്നുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കുപുറമെ നൂറുകണക്കിനുപേരാണ് ഹാർബറിൽ ദിവസവുമെത്തുന്നത്.
മത്സ്യ ഇറക്കുമതിയും കയറ്റുമതിയും നടക്കുന്ന ഹാര്‍ബറിൽ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം വേണ്ട രീതിയിലില്ല. പ്രധാന മത്സ്യബന്ധന തുറമുഖം തകർച്ചയിലേക്ക് നീങ്ങുമ്പോൾ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയർത്താൻ നടപടികൾ ഉണ്ടാവാത്തത് മത്സ്യത്തൊഴിലാളികളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.