വടകര: അടിക്കടി ക്രമസമാധാനപ്രശ്നങ്ങൾ ഉടലെടുക്കുന്ന ചോമ്പാല, എടച്ചേരി പൊലീസ് സ്റ്റേഷനുകളിൽ സി.ഐ കസേര ഒഴിഞ്ഞുകിടക്കുന്നു. രണ്ട് സ്റ്റേഷനുകളിലും സി.ഐമാരില്ലാതായതോടെ സി.ഐമാർ അന്വേഷിക്കേണ്ട കേസുകൾ മറ്റ് സ്റ്റേഷനുകളിലെ സി.ഐമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ചോമ്പാല പൊലീസ് സ്റ്റേഷൻ മാഹിയുമായി അതിർത്തി പങ്കിടുന്ന സ്റ്റേഷനാണ്. ദിനംപ്രതി നിരവധി മദ്യ, മയക്കുമരുന്ന് കേസുകളാണ് ഇവിടെയുണ്ടാവുന്നത്. സി.ഐക്ക് പിറകെ എസ്.ഐയും ചോമ്പാല സ്റ്റേഷനിൽ ലീവിലാണ്. എസ്.ഐ ഡൽഹിയിൽ പ്രത്യേക കോഴ്സിന്റെ ഭാഗമായി പോയതാണ്. സി.ഐയും എസ്.ഐയും ഇല്ലാതായതോടെ മറ്റ് ഉദ്യോഗസ്ഥർക്കാണ് ചുമതല.
അടുത്തിടെ പ്രമാദമായ രണ്ട് കേസുകളാണ് ചോമ്പാല സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയെ മയക്കുമരുന്നടിമയാക്കിയെന്ന പരാതിയും ഓട്ടോയിൽ തുപ്പിയ കുട്ടിയെ ഡ്രൈവർ ഓട്ടോ തുടപ്പിച്ചതുമായ പരാതികളിൽ സമീപ സ്റ്റേഷനുകളിലെ സി.ഐമാരെയാണ് കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
നിലവിൽ നാദാപുരം കൺട്രോൾ റൂം സി.ഐ ശിവൻ ചോടോത്തിനാണ് സ്റ്റേഷനുകളുടെ ചുമതല. എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധി സി.പി.എം, ആർ.എം.പി സംഘർഷസാധ്യത നിലനിൽക്കുന്ന സ്റ്റേഷനായിട്ടാണ് പൊലീസ് വിലയിരുത്തൽ. നിരവധി സംഘർഷങ്ങൾ നേരത്തെ നടന്നതാണ്.
കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിധിയിൽ പൊലീസുകാരനെ ചൂതാട്ടസ്ഥലത്തുവെച്ച് ആക്രമി കുത്തിവീഴ്ത്തിയിരുന്നു. സ്ഥലത്ത് പരിശോധനക്കെത്തിയത് ചാർജുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു. ഇതുകൊണ്ടുതന്നെ വേണ്ട മുൻകരുതലുകളില്ലാതെ പരിശോധനക്ക് പോയതാണ് പൊലീസിന് നേരെ ആക്രമണം നടക്കാനിടയാക്കിയതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
ഇരു സ്റ്റേഷനുകളിലും നാഥനില്ലാത്തതിനാൽ കേസുകൾ ഗൗരവത്തിൽ കൈകാര്യം ചെയ്യുന്നില്ലെന്ന ആക്ഷേപമുണ്ട്. പല കേസുകളിലും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കേണ്ടി വരുന്നത് താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.