വടകര: അസംബ്ലി നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി മനയത്ത് ചന്ദ്രനെതിരെ അപകീർത്തികരമായ ശബ്ദരേഖ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ നിയുക്ത എം.എൽ.എ കെ.കെ. രമയടക്കം നാലു പേർക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു.
യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ആർ.എം.പി.ഐ സ്ഥാനാർഥി കെ.കെ. രമ, വടകര സഹകരണ റൂറൽ ബാങ്ക് ജീവനക്കാരനും മടപ്പള്ളി സ്വദേശിയുമായ ഗുരിക്കളവിട കെ. കലാജിത്ത്, ഒഞ്ചിയം പഞ്ചായത്ത് പതിനഞ്ചാം വാർഡംഗം മഠത്തിൽ സുധീർ, അഴിയൂർ ബ്രദേഴ്സ് വാട്സ്ആപ് ഗ്രൂപ് അഡ്മിൻ യാസിർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതുസംബന്ധിച്ച് നേരത്തേ തെരഞ്ഞെടുപ്പ് കമീഷൻ, ജില്ല കലക്ടർ, തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ എന്നിവർക്ക് മനയത്ത് ചന്ദ്രെൻറ ചീഫ് ഇലക്ഷൻ ഏജൻറ് അഡ്വ.സി. വിനോദൻ പരാതി നൽകിയിരുന്നു.
തുടർന്ന് ചോമ്പാല പൊലീസ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. െതരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഇടതു മുന്നണി സ്ഥാനാർഥിയായ മനയത്ത് ചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ശബ്ദ രേഖ പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറഞ്ഞു. കെ.പി ആക്ട് 2011,120(o) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.