വടകര: റോഡരികിൽ നിർത്തിയിട്ട കാർ കത്തിച്ച കേസിൽ പ്രതി പിടിയിൽ. താഴെഅങ്ങാടി ആട്മുക്കിൽ പുതിയപുരയിൽ ഹംസ (46) യെയാണ് വടകര പൊലീസ് പിടികൂടിയത്.
താഴെ അങ്ങാടി മുക്കോല ഭാഗത്ത് നിർത്തിയിട്ട വലിയവളപ്പിൽ യുനാനി ഡോക്ടർ സെയ്ത് മുഹമ്മദ് അനസിന്റ കെ.എൽ 18 എസ് 5604 കാറാണ് കത്തിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും കാർ പൂർണമായി കത്തി നശിച്ചിരുന്നു. സമീപത്ത് നിർത്തിയിട്ട ഈച്ചിലിന്റെവിട ഫിറോസിന്റ കെ.എൽ 18 യു 1238 കാർ കത്തിക്കാൻ ശ്രമമുണ്ടായി. സമീപത്തെ
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. നേരത്തെ മൂന്ന് തീവെപ്പ് കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു. വടകര എസ്.ഐ എം. നിജീഷ് അറസ്റ്റ് ചെയ്ത പ്രതിയെ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷം കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
പിടിയിലായത് തീവെപ്പ് വധശ്രമ കേസിലെ പ്രതി
വടകര : മുക്കോല ഭാഗത്ത് കാർ തീവെച്ച് നശിപ്പിച്ച കേസിൽ അസ്റ്റിലായത് തീവെപ്പ് വധശ്രമ കേസിൽ കോടതി കുറ്റവിമുക്തനാക്കിയ പ്രതി. താഴെ അങ്ങാടി ആടുമുക്കിൽ പുതിയപുരയിൽ ഹംസ (46) യെയാണ് വടകര പൊലീസ് പിടികൂടിയത്.
2012ൽ താഴെ അങ്ങാടിയിൽ ബൈക്കും ഷെഡും തീവെച്ച് നശിപ്പിച്ച സംഭവത്തിലും അക്രമ കേസിൽ വധ ശ്രമത്തിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൂന്നു കേസിലും മാനസിക അസ്വാസ്ഥ്യം നേരിടുന്ന പ്രതിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. വലിയവളപ്പിൽ യൂനാനി ഡോക്ടർ സെയ്ത് മുഹമ്മദ് അനസിന്റ കാർ ഇയാൾ വെള്ളിയാഴ്ച പുലർച്ചയോടെ പേപ്പറും മറ്റും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. സമീപത്ത് നിർത്തിയ കാറിനും തീവെപ്പു ശ്രമമുണ്ടായി. പ്രദേശത്ത് നിരവധി വാഹനങ്ങൾ സ്ഥലപരിമിതിയിൽ രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന സ്ഥിതിയുണ്ട്. വാഹനത്തിന് നേരെയുണ്ടായ തീവെപ്പ് പ്രദേശത്ത് ഭീതി പടർത്തിയിരുന്നു. സ്ഥലത്തെ വീടിന്റെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. 24 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതിയെ പിടികൂടിയത് ആശ്വാസമായിട്ടുണ്ട്.
പ്രതിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാതിരുന്നാൽ പുറത്തിറങ്ങി സമാന സംഭവങ്ങൾ ആവർത്തിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മാനോവൈകല്യമുള്ള പ്രതിയായിരുന്നു വടകര താലൂക്ക് ഓഫിസ് കത്തിച്ച കേസിലും പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.