വടകര: ചോമ്പാൽ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു. നിരവധി പേർ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരിലാണ് രോഗം കൂടുതലായും റിപ്പോർട്ട് ചെയ്തത്. രോഗം പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് ഈ മാസം 10ന് യോഗം വിളിച്ചുചേർക്കും. ഇതുസംബന്ധിച്ച് ചേർന്ന അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
രാവിലെ പത്തിന് തുറമുഖത്ത് യോഗം ചേരും. ജനപ്രതിനിധികൾ, കോസ്റ്റൽ പൊലീസ്, തുറമുഖ വകുപ്പ് പ്രതിനിധികൾ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. തുറമുഖത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വള്ളത്തിലും ചെറുതോണിയിലും വെള്ളം കെട്ടിനിന്ന് ഇവിടം കൊതുക് വളർത്തുകേന്ദ്രമായി മാറിയതായി യോഗത്തിൽ പരാതി ഉയർന്നു. ഹാർബർ പരിസരത്ത് ശുചീകരണം നടത്തുന്ന കാര്യങ്ങൾ അടക്കം ചർച്ചചെയ്യും.
ഉച്ചസമയത്ത് ഒ.പിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് സത്വര നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, മെഡിക്കൽ ഓഫിസർ ഡോ. ഡെയ്സി ഗോറി, പി. ശ്രീധരൻ, കെ.എ. സുരേന്ദ്രൻ, എ.ടി. ശ്രീധരൻ, പ്രദീപ് ചോമ്പാല, കെ. അൻവർ ഹാജി, കെ. പ്രശാന്ത്, കെ.കെ. ജയചന്ദ്രൻ, കെ. ലീല, സി. സുഗതൻ, ബിജു ജയ്സൺ, ആർ. രമ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.