വടകര: അഞ്ച് ലക്ഷത്തിൽപരം രൂപയുടെ വൈദ്യുതി കുടിശ്ശികയെതുടർന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി പുതുപ്പണം സെന്ററിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വടകര പുതുപ്പണത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി സബ്സെന്റർ പ്രൈവറ്റ് സ്ഥാപനമാണെന്ന വാദമുയർത്തി താരിഫ് എൽ.ടി. 6. എഫിൽ ഉയർത്തി 5,00,540 രൂപയുടെ ബിൽ നൽകിയാണ് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചത്.
നേരത്തേ, പൊതു സ്ഥാപനമെന്നനിലയിൽ എൽ.ടി. 6. എ താരിഫിലായിരുന്നു യൂനിവേഴ്സിറ്റി സബ് സെന്ററിനെ ഉൾപ്പെടുത്തിയത്. ഇപ്പോൾ പ്രൈവറ്റ് സ്ഥാപനമാക്കി മാറ്റിയാണ് മുൻകാല കുടിശ്ശിക അടക്കം ഉൾപ്പെടുത്തി ബിൽ നൽകിയത്. ഡിസംബർ 16നാണ് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചത്. രണ്ടാഴ്ച പിന്നിട്ടിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാൻ യൂനിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. 110 ബി.എഡ് വിദ്യാർഥികളും അധ്യാപകർ ഉൾപ്പെടെ 12 ജീവനക്കാരും ഇവിടെയുണ്ട്. വൈദ്യുതി മുടങ്ങിയതോടെ സെന്ററിന്റ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. വിദ്യാർഥികൾക്ക് ക്ലാസുകളിലിരിക്കാൻ കഴിയാത്തതിനാൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.
യൂനിവേഴ്സിറ്റി സബ്സെന്റർ പ്രൈവറ്റ് സ്ഥാപനമല്ലെന്ന് കെ.എസ്.ഇ.ബിക്ക് മുന്നിൽ തെളിയിച്ചാൽ മാത്രമേ വൈദ്യുതി ബില്ലിൽ ഇളവ് ലഭിക്കുകയുള്ളൂ. ഇതിന് കാലതാമസമെടുക്കുമെന്നതിനാൽ പഠനം എങ്ങനെ മുന്നോട്ട് പോകുമെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.