വടകര: ജില്ല ആശുപത്രിയിൽ ആദ്യപ്രസവത്തിന് വിലക്ക് ഏർപ്പെടുത്തിയതോടെ സ്വകാര്യ ആശുപത്രികൾക്ക് ചാകര. പ്രശ്നത്തിൽ പ്രതിഷേധം ശക്തമാവുന്നു. വടകര താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തി വർഷങ്ങൾ പിന്നിട്ടിട്ടും ആദ്യപ്രസവത്തിന് അയിത്തം തുടരുകയാണ്.
താലൂക്കാശുപത്രിയായ സമയത്ത് ദിനംപ്രതി നിരവധി പ്രസവങ്ങൾ നടന്ന ആശുപത്രിയാണ് പിറകോട്ടുപോകുന്നത്. നാല് ഗൈനക്കോളജിസ്റ്റുകൾ ആശുപത്രിയിൽ ഉണ്ടെങ്കിലും 24 മണിക്കൂറും സേവനം ലഭിക്കുന്നില്ല. ഇതാണ് ആദ്യ പ്രസവം സ്വീകരിക്കാൻപറ്റാത്ത അവസ്ഥയിലെത്തിച്ചത്.
ആദ്യ പ്രസവ സമയത്തുണ്ടാകുന്ന വിഷമതകൾ മുൻകൂട്ടി കാണാൻ കഴിയാത്തതാണ് ആദ്യ പ്രസവം ഒഴിവാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. മുഴുവൻസമയ ശിശുരോഗ വിദഗ്ധരുടെയും അനസ്തേഷ്യ വിദഗ്ധന്റെയും സേവനം ജില്ല ആശുപത്രിയിൽ ഇല്ലാത്തതും പ്രശ്നം സങ്കീർണമാക്കുന്നുണ്ട്. നിലവിൽ ഗൈനക്കോളജി വാർഡിൽ കട്ടിലുകളും കുറവാണ്. ആദ്യ പ്രസവം എടുക്കാത്തതിന്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത് കട്ടിലുകളുടെ കുറവാണ്.
24 മണിക്കൂറും സേവനം ലഭിക്കുന്നതരത്തിൽ ഡോക്ടർമാരെ നിയമിച്ച് ഇതിനൊരു പരിഹാരം കാണണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്. ഗർഭകാല ചികിത്സക്കായി സ്വകാര്യ ആശുപത്രികളേയോ മെഡിക്കൽ കോളജിനെയോ ആണ് ആശ്രയിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ സാധാരണക്കാർക്ക് താങ്ങാനാവാത്ത അവസ്ഥയാണുള്ളത്. ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുകയും പ്രസവ വാർഡ് ഈ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി.
എന്നാൽ, ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ലഭിക്കുന്നില്ല. പ്രസവ നിഷേധത്തിനെതിരെ ഭരണകക്ഷി തന്നെ സമര രംഗത്തിറങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.