വടകര: മണിയൂര്‍ ഡിസ്പെന്സറിക്കു സമീപം കാടിനു തീപിടിച്ചു. അര ഏക്കറോളം കാടുകൾ കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് തീപിടിത്തം. തൊട്ടടുത്ത്, മാലിന്യത്തിനു തീയിട്ടതില്നിന്നും പടര്‍ന്നതാണെന്ന് സംശയിക്കുന്നു. വടകരയിലെ അഗ്നിശമന സേനയാണ് തീകെടുത്തിയത്. വേനലിന് കാഠിന്യമേറിത്തുടങ്ങിയതോടെ തീപിടിത്ത സംഭവങ്ങള്‍ പതിവാകുകയാണ്. ഈ സാഹചര്യത്തില്‍ തീയിടുമ്പോഴും മറ്റും ഏറെ കരുതല്‍ വേണമെന്നാണ് അഗ്നി ശമനസേന പറയുന്നത്. പുതിയ സാഹചര്യത്തില്‍, അഗ്നിശമനസേനാ നിലയങ്ങളില്‍ ഇത്തരം പരാതികള്‍ ഏറിയിരിക്കുകയാണ്. തിരുവള്ളൂര്‍ പഞ്ചായത്തില്‍ കരിങ്കല്പ്പാറയോടുചേര്ന്ന കാടിന് കുറച്ച് നാളുകള്‍ക്ക് മുമ്പ് തീപിടിച്ചിരുന്നു. അഗ്നിശമനസേനയെത്തിയാണ് ഇതും നിയന്ത്രിച്ചത്.
റെയില്‍വേ ട്രാക്കിെൻറ ഇരുവശത്തും കാടുവളരുന്നത് പതിവാണ്. ഈസമയത്ത് ഈ കാടുകള്‍ ഉണങ്ങിക്കിടക്കും. ഇത് എളുപ്പത്തില്‍ വൃത്തിയാക്കുന്നതിനുവേണ്ടിയാണ് പലരും തീയിടുന്നത്. ചില സമയങ്ങളിലിത്, നിയന്ത്രിക്കാന്‍ പറ്റാതെ പോകുന്നതാണ് വിനയാകുന്നത്. ഇത്തരത്തില്‍ റെയില്ട്രാക്കിനു സമീപം തീപടരുന്ന, സംഭവങ്ങള്‍ തുടര്‍ക്കഥയാണെന്ന് പറയുന്നു.
കശുമാവിന് തോപ്പുകള്‍, ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പുകള്‍, ചെറിയ കുന്നുകള്‍ എന്നിവിടങ്ങളിലും ഇതേ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. വേനലില്‍ കുറ്റിക്കാടുകളില്‍ ഇലകളും തണ്ടുമെല്ലാം ഉണങ്ങിക്കിടക്കും. ഒരു തീപ്പൊരിമതി നിയന്ത്രിക്കാനാകാത്തവിധം തീപടരാന്. മാലിന്യം കൂട്ടിയിടുന്നതാണ് മറ്റൊരു പ്രശ്നം. കുറെക്കാലമായി ഒരുസ്ഥലത്തിട്ട മാലിന്യത്തിന് ആരെങ്കിലും തീയിടും. ഇതു പുകഞ്ഞുകൊണ്ടേയിരിക്കും.
ചില സമയങ്ങളില്‍ ആളിക്കത്തുകയും ചെയ്യും. പയ്യോളിയില്‍നിന്ന് വടകര അഗ്നിശമനസേനാനിലയത്തിലേക്ക് ഇത്തരത്തിലുള്ള പരാതികള്‍ ഇടക്കിടെ ലഭിക്കാറുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ചൂടു കൂടുമെന്നിരിക്കെ തീപിടിത്ത സംഭവങ്ങളും വര്‍ധിക്കാന്‍ സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.