വടകര: മൾട്ടി സ്റ്റേറ്റ് ധനകാര്യ സ്ഥാപനത്തിൽ ഇൻകം ടാക്സ് നടത്തിയ പരിശോധന നിക്ഷേപകരെ ആശങ്കയിലാക്കി. അടക്കാത്തെരു ജങ്ഷനിലെ ഇന്ത്യൻ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വടകര ശാഖയിലാണ് രണ്ടു ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾക്കൊപ്പമാണ് വടകരയിലെ ശാഖയിലും പരിശോധന നടന്നത്.
പരിശോധനക്കുപിന്നാലെ സ്ഥാപനം തുറന്ന് പ്രവർത്തനം തുടങ്ങിയതോടെ നിക്ഷേപകർ ചൊവ്വാഴ്ച കൂട്ടത്തോടെ പണം പിൻവലിക്കാനെത്തിയത് സൊസൈറ്റി അധികൃതരെ കുഴക്കി. ചെറിയ തുക മുതൽ ലക്ഷങ്ങൾ വരെ പലരും നിക്ഷേപിച്ചിരുന്നു. പണം തിരിച്ചെടുക്കാനെത്തിയവരിൽനിന്ന് ഡെപ്പോസിറ്റ് ബോണ്ട് തിരിച്ചുവാങ്ങി മുദ്രപ്പത്രത്തിൽ ഒപ്പിടുവിച്ച് രസീത് നൽകി രണ്ടാഴ്ചക്കകം പണം അക്കൗണ്ടിൽ ലഭിക്കുമെന്നുപറഞ്ഞ് സൊസൈറ്റി അധികൃതർ തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
ഏജന്റുമാർ മുഖേനയാണ് ലക്ഷങ്ങൾ ഡെപ്പോസിറ്റായി സ്വീകരിച്ചിരുന്നത്. ഗ്രാമീണ മേഖലയിൽ നിന്നടക്കമുള്ള നിരവധി പേർ ക്രെഡിറ്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. ആദായ നികുതി പരിശോധന സ്വാഭാവിക സംഭവം മാത്രമാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.