വടകര: ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്ക് മാഹി ബൈപാസിന്റെ പ്രവേശന കവാടം അപകടക്കുരുക്കാവുന്നു. അഴിയൂരിലെ പ്രവേശന കവാടമാണ് അപകടമുനമ്പായത്. മാഹി ബൈപാസിൽനിന്ന് അഴിയൂർ മേൽപാലത്തിലൂടെ താഴേക്കിറങ്ങുന്ന വാഹനങ്ങളും മേൽപാലത്തിന്റെ ഇരുവശത്തുമുള്ള സർവിസ് റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും ഒരുമിച്ച് എത്തുന്ന ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. ബൈപാസിൽനിന്ന് കുതിച്ചെത്തുന്ന വാഹന ഡ്രൈവർമാരുടെയും സർവിസ് റോഡിൽനിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെയും ശ്രദ്ധ ഒന്നുമാറിയാൽ അപകടം ഉറപ്പാണ്.
അപകട മുന്നറിയിപ്പ് നൽകി ഇവിടെ ബോർഡുകൾ വെച്ചിട്ടില്ല. പലപ്പോഴും തലനാരിഴക്കാണ് അപകടം ഒഴിവാകുന്നതെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞിപ്പള്ളി ടൗണിനോടു ചേർന്ന ഭാഗങ്ങളിൽ ദേശീയപാതയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. പലയിടത്തും റോഡ് വഴിതിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ, അപായ മുന്നറിയിപ്പ് ബോർഡുകൾ ചിലയിടങ്ങളിൽ മാത്രമാണുള്ളത്.
ദേശീയപാതയുടെ അഴിയൂർ റീച്ചിലാണ് ദീർഘദൂര വാഹനങ്ങൾ ഏറ്റവും കൂടുതലായി അപകടത്തിൽപെടുന്നത്. കുഞ്ഞിപ്പള്ളിക്കടുത്ത റെയിൽവേ മേൽപാലം കയറുന്നിടത്തും ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇവിടെനിന്ന് മേൽപാലത്തിലേക്ക് വാഹനങ്ങൾ കയറുമ്പോൾ അമിതവേഗത്തിൽ പിന്നിൽനിന്ന് വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടം പതിവായിട്ടുണ്ട്. പാലത്തിന് സമീപത്ത് ദേശീയപാതയിൽ സിഗ്നൽ ലൈറ്റ് വെച്ചാൽ യാത്രക്കാർക്ക് ഉപകാരപ്രദമാവും. ഈ ഭാഗത്ത് നേരത്തേ ഹബ് സ്ഥാപിച്ചിരുന്നെങ്കിലും നിലവിൽ കാണാനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.